top news
കലാലയങ്ങളിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം : മന്ത്രി എ കെ ശശീന്ദ്രൻ
കോഴിക്കോട് : വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ഇക്കാര്യത്തില്‍ കലാലയങ്ങളിലെ ഫോറസ്ട്രി ക്ലബ്ബുകളും എന്‍എസ്എസ് പോലെയുള്ള സന്നദ്ധ സംഘടനകളും സജീവമായി
ഇടപെടണമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വനം വന്യജീവി വകുപ്പ് സാമൂഹ്യവനവല്‍ക്കരണ വിഭാഗം ഉത്തരമേഖല സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒരുക്കിയ ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിയെ അവഗണിച്ച് നമുക്ക് മുന്നോട്ടു പോകാനാവില്ല. ഭൗമശാസ്ത്ര പഠനം നടത്തുന്നവരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നേരത്തേ ചൂണ്ടിക്കാണിച്ചതാണ്. അതിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതാണ് അന്തരീക്ഷ മലിനീകരണം മുതല്‍ ചക്രവാതച്ചുഴി ഉള്‍പ്പെടെയുള്ള പുതിയ പ്രതിഭാസങ്ങള്‍ക്കും അന്തരീക്ഷ താപനിലയിലെ ക്രമാതീതമായ വര്‍ദ്ധനവിനും കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഭൂമി മനുഷ്യര്‍ക്ക് മാത്രമല്ല, എല്ലാ ജീവജാലങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണെന്ന ബോധ്യത്തോടെ ഭൂമിയുടെ പച്ചപ്പ് നിലനിര്‍ത്തി മുന്നോട്ടു പോകാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി നിലവില്‍ ആര്‍ട്‌സ് കോളേജിന് പുറമേ ഗുരുവായൂരപ്പന്‍ കോളേജിലും വനം വകുപ്പ് ശലഭോദ്യാനം ഒരുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കോളേജിലെ താല്പര്യമുള്ള വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാടിനെ അറിയാനുള്ള വനം യാത്ര സംഘടിപ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. പി പ്രിയ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ രമ്യ സന്തോഷ്, ഉത്തരമേഖല കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആര്‍ കീര്‍ത്തി, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ പി ഇംതിയാസ്, കോളേജ് യൂനിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിധി എന്‍ അനില്‍, കണ്ണന്തളി ഭൂമിത്ര സേന, നാച്വറല്‍ ക്ലബ്ബ് കോഡിനേറ്റര്‍ ഡോ. അബ്ദുല്‍ ഗഫൂര്‍ പി, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സത്യപ്രഭ തുടങ്ങിയവര്‍ സംസാരിച്ചു.