KERALAlocaltop news

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ: പ്രതിഭകളുടെ സംഗമവേദിയായി സ്പാർക് കണക്ട് ഫെല്ലോ മീറ്റ്

കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നടത്തിയ ടാലന്റ് ഹണ്ട് പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ ആദരിച്ച സ്പാർക് കണക്ട് ഫെല്ലോ മീറ്റ് പ്രതിഭകളുടെ സംഗമ വേദിയായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി നൂറിലധികം സെന്ററുകളിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന സ്‌കോളർഷിപ്പ് പരീക്ഷയിൽ പതിനായിരത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. അതിൽ നിന്ന് അഭിമുഖം വഴി തിരഞ്ഞെടുത്ത 201 വിദ്യാർഥികളെയാണ് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഫെല്ലോകളായി ആദരിച്ചത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കുള്ള പരിപാടികൾ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കും.

മർകസ് നോളജ് സിറ്റിയിലെ വലൻസിയ ഗലേറിയയിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സ്ഥാപനങ്ങളുടെ സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. ജാതി മത വർഗ ഭേദമന്യേ, മിടുക്കരായ വിദ്യാർഥികളുടെ ഉന്നത സ്വപ്നങ്ങൾ പൂവണിയാൻ മർകസ് കൂടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മർകസു സഖാഫത്തി സുന്നിയ്യയുടെ കീഴിൽ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷനു കീഴിൽ എട്ടാം ക്ലാസ് കഴിഞ്ഞ മിടുക്കരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും മാർഗനിർദേശവും നൽകുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണ് ടാലന്റ്റ് ഹണ്ട് എക്സാം.

ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിഷൻ ടോക്ക് നടത്തി. മർകസ് നോളേജ് സിറ്റി സി ഇ ഒ, ഡോ. അബ്ദുൽ സലാം, സി എ ഒ, അഡ്വ: തൻവീർ ഒമർ, ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മുഹമ്മദ് ഫസൽ ഒ സംസാരിച്ചു. വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, മെൻറ്റർ മെൻറ്റി മീറ്റിംഗും പരിപാടിയുടെ ഭാഗമായി നടന്നു. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുകയും തിരഞ്ഞടുക്കപ്പെടുകയും ചെയ്ത കൊടിയത്തൂർ പി ടി എം എച്ച് എസ് എസിന് പ്രത്യേക ഉപഹാരം നൽകി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഫൗണ്ടേഷൻ ഭാരവാഹികളും സംഗമത്തിൽ സംബന്ധിച്ചു.

ഫോട്ടോ: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ പ്രതിഭാ സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close