കോഴിക്കോട്: പന്തീരങ്കാവ് മാത്തറയിൽ വയോധിക ദമ്പതികളെ കത്തിക്കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്ന കേസിലെ പ്രതി തിരൂരങ്ങാടി സി.കെ നഗർ സ്വദേശി ഹസീമുദ്ദിനെ(30) ജില്ലാ പോലീസ് മേധാവി ടി.നാരയണൻ്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും,ഫറോക് അസി.കമ്മീഷണർ
എ.എം സിദ്ധീഖിൻ്റെ നേതൃത്വത്തിൽപന്തീരങ്കാവ് ഇൻസ്പെക്ടർ ജി.ബിജു കുമാറും ചേർന്ന് അറസ്റ്റ് ചെയ്തു.
സെപ്തംബർ 27ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. വളർത്തു നായയുമായി പ്രഭാത സവാരിക്ക് പോയ വയോധികനെ നിരീക്ഷിച്ച ശേഷം സ്ത്രീ മാത്രമേ വീട്ടിലുള്ളൂ എന്ന് ഉറപ്പു വരുത്തി വീടിൻ്റെ മുൻവശത്തുകൂടി വീടിൻ്റെ വർക്ക് ഏരിയയിലേക്ക് പോയ വീട്ടമ്മയെ പിന്നിൽ നിന്ന് മുഖം പൊത്തി ആക്രമിച്ച് കത്തിവീശി കഴുത്തിലെ സ്വർണ്ണമാല കവരുകയും,കൈയിലെ വള ഊരി നൽകാൻ ആവശ്യപ്പെടുകയും അല്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടു ത്തുകയും ചെയ്തു. തടയാൻശ്രമിച്ച വീട്ടമ്മയുടെ കയ്യിൽ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി വള ഊരിയെടുക്കുന്ന mതിനിടയിൽ ഭർത്താവ് എത്തുകയും പിന്നീട് ഭർത്താവിനെ ആക്രമിച്ച് തള്ളിയിട്ട് കടന്ന് കളയുകയുമായിരുന്നു. വീട്ടമ്മയുടെ വിരലിൽ പത്തോളം തുന്നിക്കെട്ടുകൾ വേണ്ടി വന്നിരുന്നു.ഭർത്താവിനും കൈക്ക് മുറിവേറ്റിരുന്നു.
കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവിയുടെ മേൽ നോട്ടത്തിൽ സ്പെഷ്യൽ ഗ്രൂപ്പിലേക്ക് അന്വേഷണം എത്തുകയും പതിനേഴ് ദിവസത്തിനുള്ളിൽ കൃത്യമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയു മായിരുന്നു.
*പിടിക്കപ്പെടാതിരിക്കാൻ നടത്തിയ ശ്രമങ്ങൾ പൊളിച്ച് പോലീസ്…*
വളരെ ആസൂത്രിതമായാ ണ് പ്രതി കുറ്റകൃത്യം ചെയ്തത്.മുൻപ് രണ്ട് തവണ കവർച്ച നടത്താൻ ശ്രമിച്ചെങ്കിലും പല കാരണങ്ങളാൽ പരാജയപ്പെടുകയായിരുന്നു ഗൃഹനാഥൻ വന്നില്ലായിരു ന്നെങ്കിൽ ഒരു പക്ഷേ വീട്ടമ്മയുടെ ജീവൻ തന്നെ അപകടത്തിലാകുമായിരു ന്നു.തിരിച്ചറിയാതിരിക്കാൻ ഹെൽമറ്റും റെയിൻ കോട്ടും ധരിച്ചാണ് കുറ്റകൃത്യം ചെയ്തത്. സിസിടിവിയിൽ കുടുങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.മൂന്ന് ഓട്ടോകൾ മാറി മാറി കയറിയാണ് പ്രതി അരീക്കാട് വഴി ടൗണിലെത്തിയത്.അതിനിടയിൽ പോലീസിനെ വഴിതിരിച്ചു വിടാൻ റെയിൽവേ ട്രാക്കിലൂടെയും, ബീച്ചിലൂടെയും നടന്ന ശേഷം താമസസ്ഥലത്തേക്ക് എത്തുകയായിരുന്നു.15 ദിവസത്തിനുള്ളിൽ ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങളാണ് സംഘം പരിശോധിച്ചത്.കൂടാതെ സമാനമായ കേസിലുൾപ്പെട്ട മുൻ കുറ്റവാളികളെയും,മറ്റും രഹസ്യമായി പരിശോധിക്കുകയും ചെയ്തു.
*വിടാതെപോലീസ്……..*
പ്രതിയെ തിരിച്ചറിഞ്ഞപ്പോഴേക്കും പ്രതി ബാംഗ്ലൂരിലേക്ക് കടന്നിരുന്നതായ വിവരം ലഭിച്ച സ്പെഷ്യൽ ആക്ഷൻഗ്രൂപ്പ് പിൻതുടർന്ന് ബാംഗ്ലൂരിലെത്തി അന്വേഷിച്ചു വരുന്നതിനിടയിൽ പ്രതി ഗൾഫിലേക്ക് പോകുന്നതിനായി കേരളത്തിലേക്ക് കടന്നതായ വിവരം ലഭിച്ചു.പിന്നാലെ കോഴിക്കോട്ടേക്ക് തിരിച്ച അന്വേഷണസംഘം പ്രതി താമസിക്കാൻ ഇടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചും പ്രതിയുമായി ബന്ധപ്പെട്ടവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിലാണ് നടക്കാവ് ഭാഗത്തുള്ള ആഡംബര ഫ്ലാറ്റിൽ കഴിയുന്നുവെന്ന രഹസ്യ വിവരം ലഭിക്കുകയും പിടികൂടുകയുമായിരുന്നു.
*മുൻകുറ്റവാളി*
ഇയാൾക്കെതിരെ കഴിഞ്ഞവർഷം ഫറോക് സ്റ്റേഷനിൽ എം.ഡി.എം.എ കേസുണ്ട്.കൂടാതെ വ്യാജ സ്വർണ്ണം പണയം വെച്ചതിന് തിരൂരങ്ങാടി, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.മാന്യമായ വേഷം ധരിച്ച് വാക്ചാതുരിയോടെ സംസാരിച്ച് ആരെയും വശീകരിക്കുന്ന പ്രകൃതമാണ് പ്രതിയുടെത്.മാസം 21000 രൂപ മാസവാടകയിലാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്.ബിസിനസ് പാർക്കിൽ ആയിരുന്നു സമയം ചിലവഴിച്ചിരുന്നത്.
ഹെൽമറ്റും കത്തിയും റെയിൻകോട്ടും സൗത്ത് ബീച്ചിൽ ഉപേക്ഷിച്ചതായും. അന്ന് തന്നെ വേങ്ങര കുന്നുംപുറത്ത് സ്വർണം വിൽപന നടത്തി ശേഷം ബാംഗ്ലൂരിലേക്ക് കടക്കുകയായിരുന്നെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
ഇയാൾ മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും , സ്വർണ്ണം വീണ്ടെടുക്കുന്നതിനും മറ്റുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമ്മണ്ണ,സുമേഷ് ആറോളി, രാകേഷ് ചൈതന്യം എന്നിവരെ കൂടാതെ പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ ഷാജി, പ്രമോദ് എം.സുബീഷ്, സൈബർ സെല്ലിലെ സ്കൈലേഷ് ഫറോക്ക് സബ്ബ് ഇൻസ്പെക്ടർ അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.