KERALAlocaltop news

കോഴിക്കോട് എകരൂലില്‍ ഗര്‍ഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു

കോഴിക്കോട് എകരൂലില്‍ ഗര്‍ഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപ്പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം. എകരൂല്‍ ഉണ്ണികുളം സ്വദേശി ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35)യും കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അത്തോളി മലബാര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് കുഞ്ഞ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ക്കെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് അത്തോളി പോലീസ് കേസെടുത്തു.

അതേസമയം, ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും സാധ്യമാകുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നത്. പ്രസവ വേദന ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവെച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. സിസേറിയന്‍ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണരീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

പിന്നീട് വ്യാഴാഴ്ച പുലര്‍ച്ചെ അശ്വതിയെ സ്ട്രെച്ചറില്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്ക്കൊണ്ടുപോകുന്നതാണ് ബന്ധുക്കള്‍ കണ്ടത്. പിന്നീട് ഗര്‍ഭപാത്രം തകര്‍ന്ന് കുട്ടി മരിച്ചുവെന്നും ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കളുടെ അനുമതിയോടെ ഗര്‍ഭപാത്രം നീക്കംചെയ്തു.

ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അശ്വതിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close