top news
വരുമാനത്തില്‍ റെക്കോഡ് നേട്ടവുമായി ഗുരുവായൂര്‍ ക്ഷേത്രം
തൃശൂര്‍: വരുമാനത്തില്‍ റെക്കോഡ് നേട്ടവുമായി ഗുരുവായൂര്‍ ക്ഷേത്രം. ഈ മാസം ഇതുവരെ മാത്രം ആറ് കോടി രൂപയ്ക്കടുത്താണ് ഭണ്ഡാര വരുമാനമായി ക്ഷേത്രത്തിന് ലഭിച്ചിരിക്കുന്നത്. ഈ മാസം ക്ഷേത്രത്തില്‍ നിരവധി കല്യാണം നടന്നിരുന്നു. ചിങ്ങ മാസത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമുണ്ടായിരുന്ന സെപ്തംബര്‍ എട്ടിന് മാത്രം ഗുരുവായൂരില്‍ റെക്കോഡ് എണ്ണം കല്യാണമാണ് നടന്നത്.
334 കല്യാണങ്ങളാണ് സെപ്തംബര്‍ എട്ടിന് നടന്നത്. പുലര്‍ച്ചെ നാല് മണി മുതല്‍ അന്ന് കല്യാണമുണ്ടായിരുന്നു. ഏറെ വൈകിയാണ് കല്യാണങ്ങള്‍ അവസാനിച്ചത്. ഇതും വരുമാന വര്‍ധനവിന് വലിയ കാരണമായി എന്നാണ് വിലയിരുത്തല്‍. സെപ്തംബര്‍ മാസം ഇതുവരെയുള്ള ഭണ്ഡാരം എണ്ണല്‍ ഇന്നലെയാണ് പൂര്‍ത്തിയായത്. ഇതില്‍ ആകെ 5,80,81,109 രൂപയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.
കിഴക്കേ നട ഇ – ഭണ്ഡാരം വഴി 5.39 ലക്ഷം രൂപയും പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 34146 രൂപയും ലഭിച്ചു. ഇതിനൊപ്പം രണ്ട് കിലോ 626 ഗ്രാം 500 മില്ലിഗ്രാം സ്വര്‍ണവും 17കിലോ 700 ഗാം വെള്ളിയും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 രൂപയുടെ 29 നോട്ടുകളും ക്ഷേത്രം ഭണ്ഡാരത്തില്‍ എത്തിയിട്ടുണ്ട്. നിരോധിച്ച ആയിരം രൂപയുടെ 13 നോട്ടുകളും അഞ്ഞൂറ് രൂപയുടെ 114 നോട്ടുകളും ലഭിച്ചിട്ടുണ്ട്.
എസ് ബി ഐ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണാനുള്ള ചുമതല. അതേസമയം ഓണം പ്രമാണിച്ച് ക്ഷേത്രത്തിലെ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ തീരുമാനമായിട്ടുണ്ട്. തിരുവോണാഘോഷത്തിന്റെ ഭാഗമായി ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം, ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം, വിശേഷാല്‍ കാഴ്ച ശീവേലി ഉള്‍പ്പെടെയുള്ള ചടങ്ങുകളും ക്ഷേത്രത്തില്‍ നടക്കുന്നുണ്ട്.
റെക്കോഡിട്ട് കല്യാണ മാമാങ്കം
ചിങ്ങമാസത്തില്‍ പതിവ് പോലെ ഗുരുവായൂരില്‍ കല്യാണ മാമാങ്കമാണ്. കന്നി മാസത്തില്‍ ഹൈന്ദവാചാരപ്രകാരം വിവാഹങ്ങള്‍ നടത്താറില്ല എന്നതിനാല്‍ തന്നെ ചിങ്ങത്തിലെ നല്ല ദിവസങ്ങളില്‍ എല്ലാം വിവാഹമാണ്. ഈ മാസത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തം സെപ്തംബര്‍ എട്ടിനായിരുന്നു. ഗുരുവായൂരില്‍ ഈ ദിവസം നടന്നത് റെക്കോഡ് വിവാഹമാണ്. ഒരു ദിവസം 334 വിവാഹങ്ങള്‍ ഇതിന് മുന്‍പ് ക്ഷേത്രത്തില്‍ നടന്നിട്ടില്ല.
പുലര്‍ച്ചെ നാല് മുതല്‍ ഉച്ചയ്ക്ക് 12.35 വരെയായിരുന്നു കല്യാണങ്ങള്‍. സാധാരണ രാവിലെ അഞ്ച് മണി തൊട്ടാണ് വിവാഹം ആരംഭിക്കാറുള്ളത്. എന്നാല്‍ തിരക്ക് കണക്കിലെടുത്താണ് നേരത്തെയാക്കിയത്. മണ്ഡപങ്ങളുടെ എണ്ണവും അന്നേ ദിവസം നാലില്‍ നിന്ന് ആറാക്കി ഉയര്‍ത്തിയിരുന്നു. വധൂവരന്‍മാരും ബന്ധുക്കളും ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെ 24 പേരെയാണ് ഓരോ കല്യാണത്തിനും അനുവദിച്ചത്. താലികെട്ടിന് അഞ്ചു മിനിറ്റായിരുന്നു സമയം. താലികെട്ട് കഴിഞ്ഞ് വധൂവരന്‍മാര്‍ക്ക് ദീപസ്തംഭത്തിനു മുന്നില്‍ ഒരു മിനിറ്റ് തൊഴാനുള്ള അവസരവുമുണ്ടായിരുന്നു. രാവിലെ എട്ട് മണിക്കുള്ളില്‍ തന്നെ 185 വിവാഹങ്ങള്‍ കഴിഞ്ഞിരുന്നു. 100 പോലീസുകാര്‍, ദേവസ്വത്തിന്റെ 50 സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍, ദേവസ്വം ജീവനക്കാര്‍ എന്നിവരാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്.