top news
മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്നും രാജി രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നും അരവിന്ദ് കെജ്രിവാള്
നിര്‍ണായക പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാള്. മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്നും രാജി രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നും കെജ്രിവാള് അറിയിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രതികരണം. അഗ്നിപരീക്ഷക്ക് തയ്യാറെന്നും ജനവിധിയോടെ തിരിച്ചു വരുമെന്നും കെജ്രിവാള് പറഞ്ഞു. ജനങ്ങള്‍ തീരുമാനിക്കുന്നത് വരെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിലേക്ക് പോകാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. നവംബറില്‍ തെരഞ്ഞെടുപ്പ് വേണം. ഞാന്‍ സത്യസന്ധന് എന്ന് ബോധ്യപ്പെട്ടാല്‍ വോട്ട് ചെയ്താല്‍ മതി. മഹാരാഷ്ട്രക്ക് ഒപ്പം ഡല്‍ഹി തിരഞ്ഞെടുപ്പ് നടത്തണം. താല്‍ക്കാലിക മുഖ്യമന്ത്രിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും കെജ്രിവാള് വ്യക്തമാക്കി. സിസോദിയ മുഖ്യമന്ത്രിയാകില്ലെന്നും താനും സിസോദിയയും ജനവിധി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.