top news
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ട്രംപിനുനേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച അന്‍പത്തിയെട്ടുകാരനെ സീക്രട്ട് സര്‍വീസ് കസ്റ്റഡിയിലെടുത്തു. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ ഗോള്‍ഫ് ക്ലബിലാണ് ആക്രമണശ്രമമുണ്ടായത്. താന്‍ സുരക്ഷിതനെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.
അക്രമിയില്‍ നിന്ന് AK47, ഗോപ്രോ ക്യാമറ എന്നിവ പോലീസ് പിടികൂടി. ട്രംപ് ഗോള്‍ഫ് കളിക്കുന്നതിടിനെ അദ്ദേഹം നില്‍ക്കുന്നയിടത്തുനിന്ന് 400 മീറ്ററോളം അകലെ കുറ്റിച്ചെടികള്‍ക്കിടയില്‍ സംശയാസ്പദമായ ഒരു വസ്തു യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് കേസില്‍ നിര്‍ണായകമായത്. അത് സൂക്ഷ്മമായി നിരീക്ഷിച്ച യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് ആ വസ്തു ഒരു തോക്കിന്റെ അഗ്രഭാഗമാണെന്ന് മനസിലായി. ഇവര്‍ അക്രമിക്ക് അടുത്തേക്ക് എത്താന്‍ ശ്രമിക്കവേ അക്രമി ക്യാമറ ഉള്‍പ്പെടെയുള്ളവ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോഴേക്കും രഹസ്യാന്വേഷണ വിഭാഗം തോക്കുധാരിക്ക് നേരെ വെടിയുതിര്‍ക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വെറും 9 ആഴ്ചകള്‍ക്കിടെയാണ് ട്രംപിനെതിരെ രണ്ടാമതും വധശ്രമമുണ്ടാകുന്നത്. ജൂലൈ 13ന് പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വച്ചാണ് ട്രംപിന് വെടിയേറ്റത്. അന്ന് ട്രംപിന്റെ ചെവിയില്‍ പരുക്കേറ്റത്. ആക്രമണങ്ങള്‍ തളര്‍ത്തില്ലെന്നും ശക്തമായി തന്നെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടുപോകുമെന്നും ട്രംപ് വ്യക്തമാക്കി.