top news

നിപ ; മലപ്പുറത്തിന് പുറമെ സമീപ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം, വീണാ ജോര്‍ജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ആരോഗ്യ വകുപ്പ്. കോഴിക്കോട്,പാലക്കാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ സാധ്യതയുള്ളത്. ഈ സാഹചര്യത്തില്‍ ഇന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നിപ അവലോകന യോഗം ചേരും. ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തും.എയിംസ് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ജെ പി നദ്ദയെ മന്ത്രി ധരിപ്പിക്കും.

മലപ്പുറത്തെ നിപ രോഗബാധയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടേക്ക് അയച്ച 13 പേരുടെ സ്രവപരിശോധന ഫലം ഇന്ന് പുറത്തുവരും. നിപ ബാധിച്ച് മരിച്ച നടുവത്ത് സ്വദേശിയായ യുവാവുമായി നേരിട്ട് സമ്പര്‍ക്കമുള്ള ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് സ്രവപരിശോധനക്ക് അയച്ചത്. യുവാവിന്റെ റൂട്ട് മാപ്പ് അനുസരിച്ച് ജില്ലയില്‍ 175 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. ഇതില്‍ പ്രൈമറി പട്ടികയിലുള്ള 104 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണുള്ളത്്. നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. മരിച്ച വ്യക്തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളായി ഫീല്‍ഡ് സര്‍വെ ആരംഭിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ട്യൂഷന്‍ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close