top news
അര്‍ജുനായുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കും; ഡ്രഡ്ജര്‍ ഇന്ന് ഷിരൂരിലെത്തിക്കും
കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് ഉള്‍പ്പെടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്ന് ഇന്നലെ കാര്‍വാറില്‍ എത്തിച്ച ഡ്രഡ്ജര്‍ ഇന്ന് വൈകിട്ടോടെ ഷിരൂരിലെത്തിക്കും. പുഴയിലെ വേലിയിറക്ക സമയം കണക്കാക്കി, യാത്രാമധ്യേയുള്ള രണ്ട് പാലങ്ങള്‍ കടക്കാനാണ് ശ്രമം.
ഗംഗാവലി പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്സില്‍ താഴെയെന്നാണ് നാവികസേനയുടെ പരിശോധനയില്‍ കണ്ടെത്തിയത്. ഷിരൂരിലെ നിലവിലെ കാലാവസ്ഥയും തിരച്ചിലിന് അനുയോജ്യമാണ്. പുഴയില്‍ നാവികസേന അടയാളപ്പെടുത്തിയ ഇടത്തെ മണ്ണും കല്ലുകളുമാണ് ഡ്രഡ്ജര്‍ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക.
ജൂലൈ പതിനാറിനാണ് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ 11 പേരെ കാണാതായത്. 8 പേരുടെ മൃതദേഹം ലഭിച്ചു. മലയാളിയായ അര്‍ജുനെ കൂടാതെ ഷിരൂര്‍ സ്വദേശി ജഗന്നാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്.