top news

ജമ്മു കശ്മീരിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും

ജമ്മു കശ്മീരിലെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോണ്‍ഗ്രസിനായി പ്രചാരണത്തിന് എത്തും. ശ്രീനഗര്‍, പൂഞ്ച് എന്നിവിടങ്ങളിലായി രണ്ടു പ്രചാരണ റാലികളില്‍ രാഹുല്‍ പങ്കെടുക്കും. മധ്യ കാശ്മീരിലെ ബുദ്ഗാം, ശ്രീനഗര്‍, ഗന്ദര്‍ബാല്‍, ജമ്മു മേഖലയിലെ പൂഞ്ച്, രജൗരി ജില്ലകളിലായി 26 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

239 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുക. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, അപ്നി പാര്‍ട്ടിയുടെ അല്‍ത്താഫ് ബുഖാരി, ബിജെപിയുടെ രവീന്ദര്‍ റെയ്‌ന, ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമിദ് കറ തുടങ്ങിയവരാണ് സെപ്റ്റംബര്‍ 25 ന് നടക്കുന്ന വോട്ടെടുപ്പില്‍ ജനവിധി തേടുന്ന പ്രമുഖര്‍.

ജമ്മു കശ്മീരില്‍ സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞിരുന്നു. ഇതടക്കം ഏഴിന ഉറപ്പുകളാണ് പ്രഖ്യാപിച്ചത്. സമാധാനം തിരികെക്കൊണ്ടുവന്നുവെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെയും ഖര്‍ഗെ ചോദ്യം ചെയ്തു. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സുമാണ് കശ്മീരില്‍ ഭീകരവാദം വളര്‍ത്തിയതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ തിരിച്ചടിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close