കോഴിക്കോട്: മിഠായി പദ്ധതി വഴി ലഭിച്ചു കൊണ്ടിരുന്ന ഇൻസുലിൻ, സ്ട്രിപ്പ് തുടങ്ങിയവ കഴിഞ്ഞ രണ്ടു മാസമായി സൗജന്യമായി ലഭിക്കുന്നില്ലെന്ന പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
കോഴിക്കോട്ടെ മിഠായി ക്ലിനിക്കിനെതിരെയാണ് പരാതി. സ്ട്രിപ്പ് 50 എണ്ണത്തിന് 400 രൂപയോളമാകും ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുട്ടികളെയാണ് പദ്ധതിക്ക് വേണ്ടി പരിഗണിക്കുന്നത്. ഇൻസുലിൻ അടക്കമുള്ളവ പുറത്തു നിന്ന് വാങ്ങേണ്ടി വരുമ്പോൾ പ്രതിമാസം 10,000മുതൽ 15000 രൂപ വരെ ചികിത്സക്കായി ചെലവാകും.രോഗബാധിതരായ കുട്ടികൾ വിവിധ ശാരീരിക മാനസിക പ്രയാസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ചികിത്സക്ക് എത്തുമ്പോൾ മരുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് പറയുന്നു. മരുന്ന് വിതരണം താറുമാറായതിന്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒക്ടോബർ 29 ന് കോഴിക്കോട് ഗവ . ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.