കോഴിക്കോട്: നാളെ കര്‍ക്കിടകവാവ്. പിതൃപരമ്പരയുടെ മോക്ഷപ്രാപ്തിക്കായി ശ്രാദ്ധമൂട്ടുന്ന പുണ്യദിനം. തര്‍പ്പണത്തിന് മുന്നോടിയായി മനസും ശരീരവും വ്രതശുദ്ധമാക്കുന്ന ഒരിക്കല്‍ ഇന്നാണ്. ഒരു നേരം നെല്ലരി കഴിച്ചു കൊണ്ടായിരിക്കണം വ്രതം. മാംസാഹാരങ്ങള്‍ പാടില്ല.
കൊവിഡ് വ്യാപന സാഹചര്യത്തില്‍ വിശ്വാസികള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചു. രോഗവ്യാപനമുണ്ടാകുന്ന ഒത്തുചേരലുകള്‍ ഒഴിവാക്കേണ്ടതാണ്, നാട് വലിയ പ്രതിസന്ധിയിലാണ്, അതെല്ലാവരും ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തില്‍ ക്ഷേത്രങ്ങളിലും പരമ്പരാഗത ബലിതര്‍പ്പണ കേന്ദ്രങ്ങളിലും തര്‍പ്പണം ഉണ്ടായിരിക്കില്ല. വീടുകളില്‍ വെച്ച് നടത്താവുന്നതാണ്. ക്ഷേത്രങ്ങളില്‍ വഴിപാട് കഴിച്ചാണ് ഇത്തവണ വിശ്വാസികളേറെയും പ്രതിസന്ധിയെ തരണം ചെയ്യുന്നത്. ക്ഷേത്രങ്ങളില്‍ ഇന്നലെ മുതല്‍ തിലക്ഹോമം ഉള്‍പ്പടെയുള്ള വഴിപാടുകള്‍ക്ക് തിരക്ക് അനുഭവപ്പെട്ടു.
മരിച്ച നക്ഷത്രം അനുസരിച്ചും തിഥി അനുസരിച്ചും ശ്രാദ്ധം നടത്താറുണ്ട്. പല കാരണങ്ങളാല്‍ ശ്രാദ്ധദിവസം ബലികര്‍മം ചെയ്യാന്‍ സാധിക്കാതെ പോകാറുണ്ട്. അതിനുള്ള പരിഹാരം കൂടിയാണ് കര്‍ക്കിടക അമാവാസി നാളിലെ ബലിതര്‍പ്പണം.