കോഴിക്കോട്: അച്ഛന്റെ ആത്മഹത്യയെ തുടർന്ന് മക്കൾ പോലീസിന് കൈമാറിയ ബാങ്ക് സ്ഥിരം നിക്ഷേപത്തിന്റെ സർട്ടിഫിക്കേറ്റുകളും മറ്റു രേഖകളും അമ്മക്ക് മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ യിൽ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
ചേവരമ്പലം സ്വദേശിനിക്ക് രേഖകൾ കൈമാറിയ വിവരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. കോടതി പരിഗണിച്ച വിഷയമായതിനാൽ കേസന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. ചേവരമ്പലം സ്വദേശിനിക്ക് ആവശ്യമെങ്കിൽ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം സമർപ്പിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
പരാതിക്കാരിയായ ചേവരമ്പലം സ്വദേശിനിയുടെ ഭർത്താവ് 2023 ഫെബ്രുവരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി പരാതിക്കാരിയുടെ മക്കളാണ് സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ പോലീസിനെ ഏൽപ്പിച്ചത്. ഇവ കോടതിയിൽ ഹാജരാക്കിയെങ്കിലും സുരക്ഷിതമായി സൂക്ഷിക്കാൻ കോടതി മെഡിക്കൽ കോളേജ് എസ്.എച്ച്.ഒയെ ചുമതലപ്പെടുത്തി. അന്വേഷണത്തിനുശേഷം സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങാൻ പരാതിക്കാരിയെ ഫോണിൽ വിളിച്ചെങ്കിലും കോൾ എടുത്തില്ലെന്ന് പോലീസ് കമ്മീഷനെ അറിയിച്ചു. രേഖകളുമായി പോലീസ് പരാതിക്കാരിയുടെ വീട്ടിലെത്തിയെങ്കിലും പരാതിക്കാരിയായ അമ്മ എവിടെയാണെന്ന് അറിയില്ലെന്ന് മക്കൾ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മക്കെതിരെ പരാതിക്കാരായ പെൺമക്കൾ ജില്ലാ പോലീസ് മേധാവിക്ക്പരാതി നൽകിയിരുന്നതായും ഇതിന്റെ ഭാഗമായാണ് സർട്ടിഫിക്കേറ്റുകൾ പോലീസിന് കൈമാറിയതെന്നും മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. ഭർത്താവിന്റെ ആത്മഹത്യാ കേസുമായി സ്ഥിരനിക്ഷേപ സർട്ടിഫിക്കേറ്റുകൾക്ക് യാതൊരു ബന്ധവുമില്ലെന്നും അവ പോലീസ് അന്യായമായി കസ്റ്റഡിയിൽ സൂക്ഷിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. കേസന്വേഷണം അവസാനിച്ചിട്ടും എസ്.എച്ച്.ഒ രേഖകൾ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്നും പരാതിയിൽ പറയുന്നു.