top news

‘സാമൂഹിക മാധ്യമങ്ങളില്‍ വേട്ടയാടുന്നു’; അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ മനാഫിനെതിരെ കേസ്

കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ ലോറിയുടമ മനാഫിനെതിരെ കേസെടുത്ത് പോലീസ്. സാമുദായിക സ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയില്‍ ഉള്‍പ്പടെ സമൂഹമാധ്യമങ്ങളില്‍ വേട്ടയാടപ്പെടുന്നു എന്ന് കാണിച്ച് അര്‍ജുന്റെ സഹോദരി അഞ്ജു ഇന്നലെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ ചേവായൂര്‍ പോലീസാണ് കേസ് എടുത്തത്.

ബിഎന്‍എസ് 192,120 (ഒ) കേരള പോലീസ് ആക്ട് (സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മനാഫ് സമൂഹമാധ്യമങ്ങള്‍ വഴി തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും അര്‍ജുന്റെ കുടുംബ പശ്ചാത്തലവും പ്രചരിപ്പിച്ചെന്നും കുടുംബത്തിന്റെ വൈകാരികത മുതലെടുത്ത് പ്രചാരണം നടത്തിയെന്നും ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനല്‍ ഉപയോഗിച്ച് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

അതേസമയം ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തെ വേട്ടയാടരുതെന്നും സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും വിവാദം ഉയര്‍ന്നതിനു പിന്നാലെ മനാഫ് അവശ്യപ്പെട്ടിരുന്നു. അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പി.ആര്‍. വര്‍ക്ക് നടത്തിയിട്ടില്ലെന്നും വൈകാരികമായ മുതലെടുപ്പ് നടത്തിയിട്ടില്ലെന്നും മനാഫ് പറഞ്ഞു.

യുട്യൂബ് ചാനല്‍ തുടങ്ങിയത് കാര്യങ്ങള്‍ ലോകത്തെ അറിയിക്കാനും തന്റെ സുരക്ഷയ്ക്കുമാണ്. അര്‍ജുന്റെ കുടുംബത്തിന്റെ പേരില്‍ ഒരാളോടും പണപ്പിരിവ് നടത്തിയിട്ടില്ല. എന്തന്വേഷണം വേണമെങ്കിലും നടത്താമെന്നും കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പത്രസമ്മേളനം നടത്തുന്നതെന്നും ഇതോടുകൂടി വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടു.കഴിഞ്ഞദിവസം നടത്തിയ പ്രതികരണം കുടുംബത്തിന് എന്തെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും മനാഫ് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close