top news
അഭിമുഖ വിവാദം: പിആര്‍ ഏജന്‍സി ഇല്ലെന്ന് പറഞ്ഞാല്‍ ഉണ്ടായ ക്ഷീണം മാറുമോ എന്ന് സിപിഐഎം സംസ്ഥാന സമിതി
തിരുവനന്തപുരം: അഭിമുഖ വിവാദത്തില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രിക്ക് നേരെ ചോദ്യ ശരങ്ങള്‍. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം ഉണ്ടാക്കിയ ക്ഷീണത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും ദ ഹിന്ദുവിന്റെ വിശദീകരണം കൂടുതല്‍ പരിക്ക് ഉണ്ടാക്കിയില്ലേയെന്നും സംസ്ഥാന സമിതിയില്‍ ചോദ്യമുയര്‍ന്നു. പി ആര്‍ ഏജന്‍സി ഇല്ലെന്ന് പറഞ്ഞാല്‍ ഉണ്ടായ ക്ഷീണം മാറുമോയെന്നും അംഗങ്ങള്‍ ചോദിച്ചു. സംസ്ഥാന സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് നേരെ അഭിമുഖ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നത്. സംസ്ഥാന സമിതിയില്‍ പി ആര്‍ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.
ഒറ്റ വാചകത്തില്‍ തനിക്ക് പി ആര്‍ ഇല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു നിഷേധം. ഹിന്ദു ദിനപത്രത്തിന് അഭിമുഖം നല്‍കാന്‍ പിആര്‍ ഏജന്‍സിയെ ബന്ധപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ടികെ ദേവകുമാറിന്റെ മകന്‍ സുബ്രഹ്‌മണ്യം ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണെന്നും നിരന്തരം ആവശ്യപ്പെട്ടത് പ്രകാരമാണ് അഭിമുഖം അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിആറിന് വേണ്ടി ആരെയും നിയോഗിക്കുകയോ ആര്‍ക്കും പണം നല്‍കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ ആരോപണങ്ങളെക്കുറിച്ച് വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും വ്യക്തമാക്കി. എഡിജിപി-ആര്‍എസ്എസ് ചര്‍ച്ച സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.