കോഴിക്കോട് : ഭിന്നശേഷി സൗഹൃദ കേരളം പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളോട് മുഖം തിരിച്ചു . ഇൻക്ലൂസീവ് വിദ്യാഭ്യാസത്തിനായി ഇടപെടൽ നടത്തുന്ന കേന്ദ്രാവിഷ്കൃതമായ സമഗ്ര ശിക്ഷ കേരള പദ്ധതിയിൽ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ കരാറടിസ്ഥാനത്തിലുള്ള സ്പെഷൽ എജുക്കേറ്റർക്ക് പ്രത്യേക കാഷ്വൽ അവധി അനുവദിക്കില്ലെന്ന് സർക്കാർ തീരുമാനം . ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 15 കാഷ്വൽ ലീവ് അധികമായുണ്ട്. ഇവർക്ക് ഒരു ദിവസം ഒരു മണിക്കൂർ ജോലി സമയത്തിലും ഇളവുമുണ്ട്. മാസത്തിൽ പരമാവധി 16 മണിക്കൂർ ഇളവ് ലഭിക്കും. സാമൂഹിക നീതി വകുപ്പിൻ്റെ ശിപാർശ പ്രകാരമാണ് സർക്കാർ ഇളവുകൾ നൽകിയത്. എന്നാൽ , കരാർ ജോലിക്കാരായതിനായിൽ സമഗ്ര ശിക്ഷ കേരള പദ്ധതിയിൽ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ സ്പെഷൽ എജുക്കേറ്റർന്മാർക്ക് കാഷ്വൽ അവധി ഉൾപ്പെടെ ഇളവുകൾ അനുവദിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. ഇതു സംബന്ധിച്ച എസ്. എസ്. കെ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയരക്ടർ , ജില്ല പ്രൊജക്റ്റ് കോർഡിനേറ്റർ ന്മാർക്ക് സർക്കുലറിൽ നിർദ്ദേശം നൽകി.
കേന്ദ്ര ഭിന്നശേഷി നിയമപ്രകാരം 21 വിഭാഗം ഭിന്നശേഷി വിഭാഗങ്ങളാണുള്ളത്. ഓട്ടിസം , ബുദ്ധി പരിമിതി , സെറിബ്രൽ പാൾസി , ബഹു വൈകല്യം എന്നീ വെല്ലുവിളികൾ അനുഭവിക്കുന്ന കുട്ടികൾക്കാണ് മാതാപിതാക്കളുടെ കൂടുതൽ പരിചരണം വേണ്ടതെന്ന് സർക്കാർ ജീവനക്കാരായ ഭിന്നശേഷി രക്ഷിതാക്കൾക്ക് പ്രത്യേക കാഷ്വൽ അവധി , ജോലി സമയ അളവ് അനുവദിച്ച ഉത്തരവിൽ ചൂണ്ടി കാണിച്ചിരുന്നു. ഭിന്നശേഷി കുട്ടികളുടെ ചികിൽസ , പഠനം എന്നിവക്ക് കൂടുതൽ സമയം അനിവാര്യമാണെന്നതും ഈ വിഭാഗം ജീവനക്കാരെ പ്രത്യേക പരിഗണിക്കാൻ കാരണമായിട്ടുണ്ട്. ഈ പരിഗണനയാണ് കരാർ അടിസ്ഥാനത്തിലായതിനാൽ എസ്.എസ്. കെ പദ്ധതിയിലെ സ്പെഷൽ എജുക്കേറ്റർ ന്മാർക്ക് നിഷേധിക്കപ്പെടുന്നത്. സംസ്ഥാനത്ത് 2886 സ്പെഷൽ എജുക്കേറ്റർ ന്മാരാണ് കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ 24 വർഷമായി സ്പെഷൽ എജുക്കേറ്റർ ന്മാരായി തുടരുന്നവർക്ക് പോലും ആനുകൂല്യങ്ങളൊന്നും സർക്കാർ നൽകുന്നില്ല. ഭിന്നശേഷി സൗഹൃദ കേരളം ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാറിൻ്റെ നീതി നിഷേധത്തിനെതിരെ ഭിന്ന ശേഷി കമ്മീഷണറെ സമീപിക്കാനാണ് സ്പെഷൽ എജുക്കേറ്റർ ന്മാരുടെ തീരുമാനം