KERALAlocaltop news

ആസ്റ്റര്‍ ഫോക്കസ് സഞ്ചരിക്കുന്ന ആശുപത്രി ബിഹാറില്‍

_ഉദ്ഘാടനം ഞായറാഴ്ച കട്ടിഹാറില്‍_

 

കോഴിക്കോട്: ആസ്റ്റര്‍ ഡിഎം ഹെൽത്ത് കെയറും ഫോക്കസ് ഇന്ത്യയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ സഞ്ചരിക്കുന്ന ആശുപത്രിക്ക് ഞായറാഴ്ച ബിഹാറിലെ കട്ടിഹാറില്‍ തുടക്കമാവും. 30 ലക്ഷത്തോളം ഗ്രാമീണര്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ടെ നിര്‍വഹിക്കും. പുര്‍നിയ എംപി പപ്പു യാദവ്, കട്ടിഹാര്‍ എംപി താരിഖ് അന്‍വര്‍, ജില്ലാ കലക്റ്റര്‍ മനീഷ് കുമാര്‍ മീണ എന്നിവര്‍ വിവിധ പദ്ധതികൾ പ്രഖ്യാപിക്കും.

ചെറിയ ചികിത്സകൾ പോലും വലിയ ആര്‍ഭാടമായി കരുതപ്പെടുന്ന ബിഹാറിലെ ദരിദ്ര ഗ്രാമങ്ങളിലാണ് മൊബൈല്‍ മെഡിക്കല്‍ വാന്‍ സന്ദര്‍ശനം നടത്തുക. വാഹനത്തില്‍ സ്ഥിരമായി ഡോക്റ്റര്‍, നഴ്‌സ്, അറ്റന്‍ഡര്‍, ഡ്രൈവര്‍ എന്നിവര്‍ ഉണ്ടായിരിക്കും. ഗ്രാമങ്ങളില്‍ ഇടവിട്ട ദിവസങ്ങളില്‍ വാഹനം സഞ്ചരിക്കും. ചികിത്സയുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനായി ഒരു ഗ്രാമത്തില്‍ ഒരു മാസം മൂന്നു തവണ വാഹനം എത്തും. ഇത്തരത്തില്‍ പ്രതിമാസം ഒന്‍പത് സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

45 ലക്ഷം രൂപയാണ് പദ്ധതിയുടെ പ്രാഥമിക ക് ചെലവ്. പ്രതിവര്‍ഷം 25 ലക്ഷം രൂപ നടത്തിപ്പു ചെലവുവരും. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ കട്ടിഹാര്‍ ജില്ലയിലെ നിമ ഫലാഹ് അക്കാഡമിയില്‍ പൂര്‍ത്തിയായി വരുന്നു. ഉച്ചയ്ക്ക് 12ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എസ്ഡിഎം കുമാര്‍ സിദ്ധാര്‍ഥ്, മുന്‍വിദ്യാഭ്യാസ മന്ത്രി രാമപ്രകാശ് മഹതൊ, കട്ടിഹാര്‍ മെഡിക്കല്‍ കോളെജ് ചാന്‍സലര്‍ അഹമ്മദ് അശ്ഫാഖ് കരീം, വിഡിഒ ശാന്തകുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.

ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആസ്റ്റര്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലെ സിഎസ്ആര്‍ സംരംഭമായ ആസ്റ്റര്‍ വോളന്റിയർ ആണ് പദ്ധതിയുടെ പങ്കാളി. നിലവിൽ ആസ്റ്ററിന് രാജ്യമാകെ 18 മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ ഉണ്ട്. ഉത്തരേന്ത്യയില്‍ വിദ്യാഭ്യാസ, ആതുരസേവന, പാര്‍പ്പിട, സുസ്ഥിര വികസന മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സംഘടനയാണ് ഫോക്കസ് ഇന്ത്യ. നാല് സംസ്ഥാനങ്ങളിലായി ഇതിനകം 229 വീടുകൾ, 404 ഹാൻഡ് പമ്പുകൾ, 10,000 കമ്പിളികൾ എന്നിവ നൽകിയിട്ടുണ്ട്.

വാർത്താ സമ്മേളനത്തിൽ ആസ്‌റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് ഹസീം കെ.വി, ഫോക്കസ് ഇന്ത്യ സിഇഒ ഡോ. യു.പി യഹിയാ ഖാൻ, ഡെപ്യൂട്ടി സിഇഒ സി.പി അബ്ദുൽ വാരിഷ്, പി. ആർ മാനേജർ മജീദ് പുളിക്കൽ, ഫൈസൽ ഇയ്യക്കാട് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close