
കോഴിക്കോട് : ചുമയുമായി സ്വകാര്യാശുപത്രിയിലെത്തിയ വയോധികൻ ചികിത്സാപിഴവിനെ തുടർന്ന് അബോധാവസ്ഥയിലാവുകയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തുവെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസറും സിറ്റി പോലീസ് കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയ്ക്കും ഡോക്ടർമാർക്കുമെതിരെ അന്വേഷിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്. കുതിരവട്ടം പറയഞ്ചേരി സ്വദേശി കോയ (67) യ്ക്ക് വേണ്ടി മകൻ മുഹമ്മദ് ഷാനു സമർപ്പിച്ച പരാതിയിലാണ് നടപടി.ആരോഗ്യവാനായിരുന്ന കോയ കോർനേഷൻ തീയറ്ററിന് സമീപം പലചരക്ക് കട നടത്തുന്നയാളാണ്. ബ്രോൺകോസ്കോപ്പി നടത്തി പരിശോധനക്ക് സാമ്പിൾ എടുത്തപ്പോൾ ഉണ്ടായ കുറ്റകരമായ അശ്രദ്ധയും പിഴവും കാരണമാണ് ഇപ്പോഴത്തെ അവസ്ഥയുണ്ടായതെന്ന് പരാതിയിൽ പറയുന്നു. രോഗിയുടെ കാഴ്ച നഷ്ടമായെന്നും പരാതിക്കാരൻ അറിയിച്ചു. വെല്ലൂർ സി.എം.സി ആശുപത്രിയിൽ നിന്നും വിദഗ്ദ്ധാഭിപ്രായം തേടിയെങ്കിലും രോഗിയുടെ നില ഗുരുതരമാണെന്നായിരുന്നു മറുപടി. ഇപ്പോൾ സ്വകാര്യാശുപത്രി രോഗിയെ വിടുതൽ ചെയ്യാൻ ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു. ഡിസംബർ 20 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.