തിരുവല്ല: മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കലാപം അടിച്ചമര്‍ത്തുന്നതിന് കൂടുതല്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്നും കേരളത്തിലെ സഭകളുടെയും ക്രൈസ്തവ സംഘടനകളുടെയും ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആവശ്യപ്പെട്ടു. ദീര്‍ഘകാലമായി തുടരുന്ന കലാപം സാധാരണ ജനങ്ങളുടെ ജീവിതം തികഞ്ഞ ദുരിതത്തിലാക്കിയെന്നും നിയമവാഴ്ച ഇല്ലാതാക്കിയെന്നും ആയുധധാരികളായ കലാപകാരികളെ അടിച്ചമര്‍ത്തുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കണമെന്നും പ്രശ്നപരിഹാരത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും കെ.സി.സി. പ്രസിഡന്റ് അലക്സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറര്‍ റവ. ഡോ. റ്റി.ഐ ജയിംസ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ദീര്‍ഘകാലമായി ഭയത്തിലും സുരക്ഷിതത്വമില്ലായ്മയിലും കഴിയുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും ഇരുവിഭാഗങ്ങളിലും മരിച്ചുവീഴൂന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും നാശനഷ്ടങ്ങളുണ്ടാകുന്നതും ഒരു പരിഷ്കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനുമപ്പുറമാണെന്നും ഇപ്രകാരം ക്രമസമാധാനം പാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുവാന്‍ തയ്യാറാകണമെന്നും കെ.സി.സി. ആവശ്യപ്പെട്ടു.