തിരുവല്ല:
ക്രിസ്മസ് ദിനങ്ങളിലെ സപ്തദിന നാഷണൽ സർവീസ് സ്കീം ക്യാമ്പുകൾ മാറ്റിവെക്കണം എന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു.
ഡിസംബര്‍ മാസത്തില്‍ ക്രിസ്മസ് സമയത്ത് ലഭിക്കുന്ന അവധിക്ക് ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളില്‍ എന്‍.എസ്.എസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥീ – വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രയാസമുളവാക്കുന്നു. ക്രൈസ്തവ സമൂഹം വളരെ പ്രാധാന്യത്തോടെ ആചരിക്കുന്ന ക്രിസ്തുമസ് ദിനങ്ങളിലും അതിനോടനുബന്ധിച്ച് ദേവാലയങ്ങളില്‍ നടക്കുന്ന ആരാധനകളിലും ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് കഴിയുന്നില്ല. ഗായകസംഘത്തിനും യുവജനവിഭാഗത്തിനും നേതൃത്വം നല്കുന്ന കുട്ടികള്‍ അതിനാല്‍ എന്‍.എസ്.എസ് ക്യാമ്പില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുന്നു. അതിനാൽ കുട്ടികള്‍ക്ക് എന്‍.എസ്.എസ്. ക്യാമ്പിൽ പങ്കെടുക്കുവാൻ കഴിയുന്നില്ല എന്നത് കഴിഞ്ഞ വർഷങ്ങളിലെ ക്യാമ്പുകളിൽ നിന്നും വ്യക്തമാണ്. അപ്രകാരം പങ്കെടുക്കാത്തവരെ ഇത്തവണത്തെ ക്യാമ്പിൽ പങ്കെടുപ്പിക്കുവാൻ സർക്കാർ നൽകിയ ഉത്തരവിൽ പരാമർശിക്കുന്നു. എന്‍.എസ്.എസ്സില്‍ പങ്കാളികളാകുവാന്‍ ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് ഇതുനിമിത്തം അവസരം നഷ്ടമാകുന്നു.
പത്താം ക്ലാസ്സില്‍ എസ്.പി.സി, എന്‍.സി.സി. മുതലായവ ഇല്ലാത്തതിന് കാരണം അവര്‍ക്ക് പബ്ലിക് പരീക്ഷ ഉള്ളതിനാലാണ്. അതുപോലെ പബ്ലിക് പരീക്ഷ ഉള്ള പതിനൊന്നാം ക്ലാസ്സില്‍ പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് നടത്തുന്ന എന്‍.എസ്.എസ് ക്യാമ്പ് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്.
ഇക്കാരണങ്ങളാല്‍ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്ക്കീമിന്റെ സപ്തദിന സഹവാസക്യാമ്പ് ഒന്നാംവര്‍ഷ പൊതുപരീക്ഷയ്ക്ക് ശേഷം മധ്യവേനലവധി സമയത്ത് നടത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ച് സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കേരള കൗൺസിൽ ഓഫ് ചർച്ചസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഏഴു ദിവസം തുടർച്ചയായി നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കുലർ അയച്ച അധികാരികൾ കെ സി സി ആവശ്യപ്പെട്ടതിനെ തുടർന്ന് 25 ന് വേണമെങ്കിൽ അവധി നല്‍കാം എന്ന് പ്രോഗ്രാം ഓഫീസർമാരെ വാക്കാൽ അറിയിച്ചതായി അറിയുന്നു. ക്രിസ്മസ് കാലയളവിൽ ക്യാമ്പ് നടത്തിയാൽ 24, 25 തീയതികളിൽ നിർബന്ധമായും അവധി നല്‍കണം.
പൊതുഅവധി ദിവസമായ ഞായറാഴ്ച വിവിധ സർക്കാർ വകുപ്പുകൾ പ്രവൃത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണതയും വർദ്ധിച്ചുവരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് ക്യാമ്പുകൾ, കലോത്സവങ്ങൾ, മേളകൾ, വിവിധ ദിനാചരണങ്ങൾ തുടങ്ങിയവ ഞായറാഴ്ച ഉൾപ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലേയ്ക്ക് നിശ്ചയിക്കുന്ന രീതി സമീപകാലങ്ങളിൽ വർദ്ധിക്കുന്നു.
ആലപ്പുഴ റവന്യൂ ജില്ല കായികമേള മണ്ണാറശാല ദേവീക്ഷേത്ര ഉത്സവ ദിനത്തിലും ഞായറാഴ്ചയിലും നടത്തുവാൻ എടുത്ത തീരുമാനം കെസിസി ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് ആ ദിവസങ്ങളിൽ നിന്നും മാറ്റിവച്ചിരുന്നു.
വിദ്യാഭ്യാസ വകുപ്പ് പാഠ്യ പദ്ധതിയുടെ ഭാഗമായ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾ നവംബർ, ഡിസംബർ മാസങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലായി നിശ്ചയിച്ചിരിക്കുന്നു.
2022 ഒക്ടോബർ 2 ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവൃത്തിദിനമായി പ്രഖ്യാപിച്ച നടപടി വ്യാപക പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. എൻ എസ്സ് എസ്സ്, എൻ സി സി ക്യാമ്പുകളും അധ്യാപക പരിശീലനങ്ങളും ഇത്തരത്തിൽ ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ ഇപ്പോൾ പതിവായി നടത്തിവരുന്നു. മുൻകാലങ്ങളിൽ മേളകൾ, കലോത്സവങ്ങൾ പരിശീലന പരിപാടികൾ തുടങ്ങിയവയ്ക്കിടയിൽ വരുന്ന ഞായറാഴ്ചകളിൽ അവധി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ആ രീതി പൂർണ്ണമായും മാറ്റിയിരിക്കുന്നു. അവധി ദിനങ്ങൾ നിർബന്ധിത പ്രവർത്തി ദിനങ്ങളാക്കികൊണ്ടുള്ള മനുഷ്യാവകാശങ്ങളിലേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങൾ ഒഴിവാക്കപ്പെടണം എന്ന് കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് ആവശ്യപ്പെട്ടു.