KERALAlocaltop news

മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ് വെയര്‍ ചര്‍ച്ച നടത്തി

 

കോഴിക്കോട്: മഹാഭാരതത്തെ മനുഷ്യകഥയെന്ന നിലയില്‍ റിയലിസ്റ്റിക് ആയി കാണുകയും അതിന്റെ എതിര്‍പാഠചേരുവകള്‍ കണ്ടെത്തുകയും ചെയ്തതാണ് കെ.സി നാരായണന്‍ രചിച്ച മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ് വെയര്‍ എന്ന പുസ്തകത്തിന്റെ മേന്മയെന്ന് എം.എന്‍ കാരശ്ശേരി അഭിപ്രായപ്പെട്ടു. പുസ്തകത്തെപറ്റി സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൈരളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു നോവല്‍ പോലെ വായിക്കാവുന്ന കൃതിയാണിത്. എന്നാല്‍ മഹാഭാരതത്തിലെ സംഘര്‍ഷങ്ങളും കഥാന്തരീക്ഷത്തിന്റെ സവിശേഷതകളും ഊന്നിപറയാന്‍ കെ.സി നാരായണന് സാധിച്ചിരിക്കുന്നു. കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം ഉള്‍പ്പെടെ നിരവധി കൃതികള്‍ മഹാഭാരതത്തെ ഉപജീവിച്ച് ഉണ്ടായിട്ടുണ്ട്. അതില്‍നിന്നെല്ലാം വ്യത്യസ്തമായി ചരിത്രത്തെ മഹാഭാരതവുമായി കൂട്ടിയിണക്കി എന്നതും കെ.സി നാരായണന്റെ സംഭാവനയായി കാണാം. കാരശ്ശേരി പറഞ്ഞു.
ഇതിഹാസത്തിന്റെ പുതിയമാനം കണ്ടെത്തുകയാണ് കെ.സി നാരായണന്‍ നിര്‍വഹിച്ചതെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രഫ. രാജേന്ദ്രന്‍ എടത്തുംകര പറഞ്ഞു. ബുദ്ധ, ജൈന, ചാര്‍വക സിദ്ധാന്തങ്ങളുമായി മഹാഭാരതത്തിനുള്ള ബന്ധം പറഞ്ഞുവെക്കാനും അദ്ദേഹത്തിന് സാധിച്ചു. വരം, ശാപം, ശപഥം തുടങ്ങിയ ഘടകങ്ങള്‍ക്ക് പിന്നിലെ സംഘര്‍ഷവും ഇവിടെ കണ്ടെത്തുന്നു. രാജേന്ദ്രന്‍ സൂചിപ്പിച്ചു.
ബ്രാഹ്‌മണമതവും ബുദ്ധമതം ഉള്‍പ്പെടെയുള്ള മറ്റ് മതങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് മഹാഭാരതത്തിലെ പ്രധാനവിഷയമായി തോന്നിയതെന്ന്് കെ.സി നാരായണന്‍ പറഞ്ഞു. ചാതുര്‍വര്‍ണ്യത്തിലേക്ക് സമൂഹത്തെ തിരിച്ചുകൊണ്ടുവരുന്നതിന്റെ കഥ കൂടിയാണ് മഹാഭാരതം. ഇത്തരത്തില്‍ ഒരു പുസ്തകം എഴുതാന്‍ പ്രേരണയായത് മഹാഭാരതത്തിന്റെ വായന തന്നെയാണെന്ന് കെ.സി നാരായണന്‍ പറഞ്ഞു.
എന്‍.പി ചെക്കുട്ടി മോഡറേറ്റര്‍ ആയിരുന്നു. ഫോറം സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ കെ.എഫ് ജോര്‍ജ്ജ് ആമുഖപ്രഭാഷണം നടത്തി. ഫോറം ജില്ലാ പ്രസിഡന്റ് പി.പി അബൂബക്കര്‍ സ്വാഗതം പറഞ്ഞു. സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവും പ്രഭാഷകരും മറുപടി പറഞ്ഞു. ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി വിജയകുമാര്‍, സി.എംകെ പണിക്കര്‍, സി.പി വിജയകൃഷ്ണന്‍, എ.പി അബൂബക്കര്‍, അശോക് ശ്രീനിവാസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close