കോഴിക്കോട് : ഒന്നര വർഷം മുൻപ് കാലപ്പഴക്കം മൂലം പൊളിച്ചു മാറ്റിയ കോഴിക്കോട് മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയം പുതുക്കി പണിയുന്നു. അത്യാധുനീക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ദേവാലയത്തിൻ്റെ തറക്കല്ലിടൽ 2025 ജനുവരി ഏഴിന് കോഴിക്കോട് രൂപതാ മെത്രാൻ ഡോ വർഗീസ് ചക്കാലയ്ക്കൽ നിർവഹിക്കും. രാവിലെ 6.30 ൻ്റെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിൽ ഈശോ സഭാ പ്രൊവിൻഷ്യൽ ഫാ. ഇ.പി. മാത്യു, ജസ്യൂട്ട് ആസ്ഥാനത്തെ മറ്റ് വൈദികർ, ഇടവകാംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. മലബാറിലെ അതിപുരാതന ദേവാലയങ്ങളിലൊന്നായ കോഴിക്കോട് മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയം കോഴിക്കോട്ടെ ഏറ്റവും പഴക്കമേറിയ ലത്തീൻ കത്തോലിക്കാ പള്ളികളിലൊന്നാണ് . കേരളത്തിലെ സൊസൈറ്റി ഓഫ് ജീസസിൻ്റെ “മദർ ഹൗസ്” ആയ ക്രൈസ്റ്റ് ഹാളിനോടു ചേർന്ന് 1934 ൽ ആണ് ക്രിസ്തുരാജ ദേവലയം സ്ഥാപിതമായത് . ഒൻപത് പതിറ്റാണ്ടിൻ്റെ മഹത്തായ പാരമ്പര്യമുള്ള ദേവാലയത്തിൽ ആയിരക്കണക്കിന് തിരുക്കർമ്മങ്ങൾ നടന്നിട്ടുണ്ട്. ഒന്നര വർഷം മുൻപ് പഴയ ദേവാലയം പൊളിച്ചതിന് ശേഷം ജസ്യൂട്ട് ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിലെ കൊച്ചു ചാപ്പലിലാണ് ദിവ്യബലിയും മറ്റ് തിരുക്കർമ്മങ്ങളും നടത്തി വരുന്നത്. മലാപ്പറമ്പ് ബൈപാസിന് അഭിമുഖമായി നിർമിക്കുന്ന പുതിയ ദേവാലയം വൈകാതെ പൂർത്തിയാക്കാനുള്ള കഠിന യത്നത്തിലാണ് ഇടവകജനവും ഈശോ സഭയും.