കോഴിക്കോട്: കഴിഞ്ഞ സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാമ്പ്യന്മാരെ നിർണയിക്കുന്നതിൽ അപാകതകൾ ചോദ്യം ചെയ്ത് പ്രതിഷേധിച്ച രണ്ട് സ്കൂളിലെ കുട്ടികളെ അടുത്ത വർഷത്തെ സ്കൂൾ കായികമേളയിൽ മത്സരിക്കാൻ പാടില്ലെന്ന് വിലക്കിയിരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ചു കായികതാരങ്ങൾ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
കോൺഗ്രസ് കായിക വിഭാഗം കെ.പി.സി.സി ദേശീയ കായികവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജില്ലാ സ്പോട്സ് കൗൺസിൽ മുൻവശം പ്രതിഷേധം സംഘടിപ്പിച്ചത്.
എറണാകുളം കോതമംഗലം മാർ ബേസിൽ, മലപ്പുറം തിരുനാവായ നവമുകുന്ദ എന്നീ സ്കൂളുകൾക്കാണ് അച്ചടക്ക നടപടി ഉണ്ടായിട്ടുള്ളത്. മേളയിൽ ഓവറോൾ ചാമ്പ്യൻ പട്ടത്തിനായി ജനറൽ സ്കൂളുകൾക്കൊപ്പം സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്പോർട്സ് സ്കൂളുകളെയും പരിഗണിച്ച വിവാദമാണ് പ്രതിഷേധത്തിന് കാരണമായത്.
സ്കൂൾ കായിക മേളയിലൂടെ കേരളത്തിൻറെ അഭിമാനമായി മാറിയ കുട്ടികളോട് തുറന്ന യുദ്ധപ്രഖ്യാപനം തന്നെയാണെന്നും നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ഉദ്ഘാടനം ചെയ്ത അഖിലേന്ത്യ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ പറഞ്ഞു.
കെ.പി.സി.സി ദേശീയ കായിക വേദി സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് അടിവാരം അധ്യക്ഷത വഹിച്ചു. ടി.കെ സിറാജുദ്ദീൻ, കെ. മുഹമ്മദ് റാഫി,അഹദ് സമാൻ, പി.എസ് അർജുൻ, പി.കെ മുഹമ്മദ് ഫാരിന് , പി ഹാദി, യാസിർ പെരിങ്ങളo എന്നിവർ സംസാരിച്ചു.