
- കോഴിക്കോട് : 2040 ആകുമ്പോഴേക്കും രാജ്യത്തെ 40 ശതമാനം പേരും അറുപത് വയസിന് മുകളിലുള്ള സീനിയർ സിറ്റസൺമാരായി മാറും എന്ന റിപ്പോർട്ട് മുന്നിൽക്കണ്ട് കേരളത്തിൽ ആരോഗ്യ രംഗത്ത് വൻ മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് സിവിൽസ്റ്റേഷൻ 13-ാം വാർഡിൽ നഗരസഭ സ്ഥാപിച്ച അർബൻ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭാവി മുന്നിൽക്കണ്ട് ജനകീയാരോഗ്യ രംഗത്ത് വൻ വികസനമാണ് നടക്കുന്നത്. അതിസമ്പന്നർക്കോ സമ്പന്നർക്കോ മാത്രം ചികിത്സ ലഭ്യമാക്കുന്ന അവസ്ഥ വന്നാൽ രാജ്യം എവിടെയെത്തും. അവിടെയാണ് ജനകീയാരോഗ്യത്തിൻ്റെ പ്രാധാന്യം. സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തോളോടുതോൾ ചേർന്നാണ് ജനകീയാരോഗ്യ രംഗത്ത് വികസനം കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്. ഇത് കൂട്ടായ്മയുടെ നേട്ടമാണ്. കോഴിക്കോട് നഗരസഭ ഇക്കാര്യത്തിൽ പ്രശംസനീയമായ പങ്ക് വഹിക്കുന്നു. കേന്ദ്രത്തിൻ്റെ കണക്കനുസരിച്ച് കേരളത്തിലെ ശിശുമരണനിരക്ക് 4.4 ശതമാനം മാത്രമുള്ളപ്പോൾ യുപിയിൽ അത് 50 . 4 ശതമാനമാണ്. അങ്ങനെ ആരോഗ്യ രംഗത്തു , പാരിസ്ഥിതിക രംഗത്തുമെല്ലാം വൻ മുന്നേറ്റം നടത്തുന്നതിനാൽ കേരള മോഡൽ – എന്ന് കേന്ദ്രം എടുത്തു പറഞ്ഞത് വലിയ അംഗീകാരമായാണ് കാണുന്നത്. ആരോഗ്യ രംഗത്ത് മുന്നേറ്റം നടത്തുന്ന കോഴിക്കോട് നഗരസഭയ്ക്ക് സർക്കാരിൻ്റെ എല്ലാ വിധ പിന്തുണയും തുടർന്നും ഉണ്ടാകും – മന്ത്രി വ്യക്തമാക്കി. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കോഴിക്കോട്ടെ 75 വാർഡുകളിലായി മൊത്തം 54 വെൽനസ് സെൻ്റർ വൈകാതെ പൂർത്തിയാകുമെന്ന് സ്വാഗതം ആശംസിച്ച ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ .ഡോ. എസ്. ജയശ്രീ പറഞ്ഞു. സ്വന്തം കെട്ടിടത്തിൽ സജ്ജീകരിച്ച സിവിൽ സ്റ്റേഷൻ വാർഡിലെ സെൻ്റർ ഒൻപതാമത്തെതാണ് . പത്താമത്തെ വെൽനസ് സെൻ്റർ ഉടൻ ചക്കുംകടവ് വാർഡിൽ പ്രവർത്തനം തുടങ്ങുമെന്നും ഡോ. ജയശ്രീ പറഞ്ഞു. ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദ് മുഖ്യാതിഥി ആയിരുന്നു. വെൽനസ് സെൻ്ററിനായി അക്ഷീണം പ്രയത്നിച്ച വാർഡ് കൗൺസിലർ എം.എൻ പ്രവീൺ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി സലീം, ഷിബുലാൽ ചീലങ്ങാട്ട്, പി.രമേശൻ, കോട്ടുളി വാർഡ് കൗൺസിലർ സുഷാജ് , മുൻ കൗൺസിലർ ടി.സി. ബിജുരാജ് , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ, നാഷനൽ ഹെൽത്ത് മിഷൻ ഡി പി എം ഷാജി .സി.കെ, നഗരസഭ ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഏഴ് വരെയായിരിക്കും വെൽനസ് സെൻ്ററിൻ്റെ പ്രവർത്തനം. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് തുടങ്ങി സംവിധാനങ്ങളുള്ള സെൻ്ററിൽ മരുന്നുകളും സൗജ്യനമായി ലഭിക്കും.