
വൈത്തിരി : വയനാട് വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാത 766ൽ സ്വകാര്യ റിസോർട്ടിന് മുന്നിൽ അനധികൃതമായി ബാരിക്കേഡ് സ്ഥാപിച്ചെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. ബാരിക്കേഡ് സ്ഥാപിച്ച നടപടി പരിശോധിച്ച് ഗതാഗത തടസം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. വാട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ദേശീയ പാതയിൽ ബാരിക്കേഡ് അടക്കം സ്ഥാപിക്കുന്നത് ഹൈകോടതി നിരോധിച്ചിട്ടും റിസോർട്ടിൻ്റെയും പുതുതായി തുറന്ന പെട്രോൾ ബങ്കിൻ്റേയും ശ്രദ്ധ ആകർഷിക്കുന്നതിന് സ്ഥാപിച്ച ബാരിക്കഡിനെതിരെ കോഴിക്കോട്ടെ ഒരു മാധ്യമ പ്രവർത്തകൻ ഉത്തര മേഖല ഐജി അടക്കമുള്ളവർക്ക് പരാതി അയച്ചിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് മനുഷ്യാവകാശ കമീഷൻ ഇടപെട്ടത്.