
കോഴിക്കോട് : ഇന്ത്യൻ ബാങ്കിൽ മുക്കുപ്പണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയായ മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി ചെറുതൊടിക വീട്ടിൽ നിസാർ (42 വയസ്സ്)നെ ടൗൺ പോലീസ് പിടികൂടി.
മിഠായി തെരുവിലെ എൽ.ഐ.സി. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്കിൽ 2024 മാർച്ച് മാസം 37.16 ഗ്രാം തൂക്കം വരുന്ന അഞ്ച് സ്വർണ്ണം പൂശിയ വളകൾ സ്വർണാഭരണമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണയം വെച്ച് 1,78,000/- രൂപ തട്ടിയെടുക്കുകയായിരുന്നു. പ്രതിയുടെ താമസസ്ഥലമായ ആക്കോട് കേന്ദ്രീകരിച്ചും, സൈബർസെല്ലുമായി ബന്ധപ്പെട്ട് ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരവെ പ്രതി സ്വമേധയാ ടൌൺ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.
പ്രതിക്ക് പാളയത്തുള്ള ചെമ്മണ്ണൂർ ക്രെഡിറ്റ് & ഇൻവെസ്റ്റ് മെന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ 12 സ്വർണ്ണം പൂശിയ വളകൾ സ്വർണാഭരണമാണെന്ന് പറഞ്ഞ് പണയം വെച്ച് 3,43,700/- രൂപ തട്ടിയെടുത്തതിന് കോഴിക്കോട് ടൌൺ പോലീസ് സ്റ്റേഷനിൽ കേസ്സ് നിലവിലുണ്ടെന്നും, ഇങ്ങനെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് പ്രതി ആഡംബര ജീവിതം നടത്തുകയാണെന്നും ടൌൺ പോലീസ് പറഞ്ഞു. ടൗൺ പോലീസ് സ്റ്റേഷൻ SI മാരായ സൂരജ്, സുലൈമാൻ , SCPO മാരായ അനൂപ്, അഗ്രേഷ് അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.