
വൈത്തിരി : സംസ്ഥാന മനുഷ്യാവകാശ കമീഷൻ്റെ കർശന ഇടപെടലിനെ തുടർന്ന് വയനാട് ദേശീയ പാതയിലെ വഴിമുടക്കി ബാരിക്കേഡ് ബന്ധപ്പെട്ടവർ എടുത്തു മാറ്റി.
വയനാട് വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാത 766ൽ ലക്കിടി ഉപവൻ റിസോർട്ടിന് മുന്നിൽ സ്ഥാപിച്ച അനധികൃത ബാരിക്കേഡ് വെള്ളിയാഴ്ച്ചയാണ് പോലീസ് നിർദ്ദേശപ്രകാരം നീക്കിയത്. ഹൈകോടതി ഉത്തരവ് ലംഘിച്ച് ദേശീയ പാതയിൽ ബാരിക്കേഡ്സ്ഥാപിച്ചത്അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേ.ശിച്ചിരുന്നു
വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് രണ്ട് ദിവസം മുൻപ് നിർദ്ദേശം നൽകിയത്. ബാരിക്കേഡ് സ്ഥാപിച്ച നടപടി പരിശോധിച്ച് ഗതാഗത തടസം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. വാട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ദേശീയ പാതയിൽ ബാരിക്കേഡ് അടക്കം സ്ഥാപിക്കുന്നത് ഹൈകോടതി നിരോധിച്ചിട്ടും റിസോർട്ടിൻ്റെയും പുതുതായി തുറന്ന പെട്രോൾ ബങ്കിൻ്റേയും ശ്രദ്ധ ആകർഷിക്കുന്നതിന് സ്ഥാപിച്ച ബാരിക്കഡിനെതിരെ കോഴിക്കോട്ടെ ഒരു മാധ്യമ പ്രവർത്തകൻ ഉത്തര മേഖല ഐജി അടക്കമുള്ളവർക്ക് പരാതി അയച്ചിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് മനുഷ്യാവകാശ കമീഷൻ ഇടപെട്ടതും നിയമലംഘനം നീക്കം ചെയ്തതും. റോഡരികിൽ കിടക്കുന്ന ബാരിക്കേഡുകൾ പിന്നീട് തിരികെ റോഡിൽ സ്ഥാപിക്കാതിരിക്കാൻ കർശന നടപടി വേണമെന്ന് പരിസരവാസികൾ ആവശ്യപ്പെടുന്നു.