
തിരുവമ്പാടി : ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ യുവ അധ്യാപിക അലീന ബെന്നിയെ വിമർശിച്ച് താമരശേരി രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായ മുൻ പ്രധാനാധ്യാപകൻ രംഗത്തിറങിയപ്പോൾ സഭയുടെ കോഴകൊള്ളയെ രൂക്ഷമായി വിമർശിച്ച് മറ്റൊരു പ്രധാനാധ്യാപകൻ. തിരുവമ്പാടി സ്വദേശി ജേക്കബ് കുളവട്ടമാണ് ഫേസ്ബുക് പേജിൽ ആർത്തിമൂത്ത കോഴ ലോബിക്കെതിരെ ആഞ്ഞടിച്ചത്. അദ്ദേഹത്തിൻ്റെ ഫേസ്ബുക് പോസ്റ്റ്: കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂൾ അധ്യാപിക അലീന ബെന്നിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
എന്റെ മനസ്സ് നീറുകയാണ് അലീനയുടെ ആത്മഹത്യയേക്കാൾ അതിനോടുള്ള പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുടെയും, ഹെഡ്മാസ്റ്റേഴ്സ് ആൻഡ് പ്രിൻസിപ്പൽ ഫോറത്തിന്റെയും ടീച്ചേഴ്സ് ഗിൽഡി ന്റെ യുംപ്രതികരണത്തിൽ. എത്ര ആവേശത്തോടെയാണ് ഇവർ മാനേജ്മെന്റ് നടപടികളെ ന്യായീകരിക്കുന്നത്. ഇവരാണ് ശരിക്കും ന്യായീകരണ തൊഴിലാളികൾ.
എയ്ഡഡ് സ്കൂൾ നിയമനങ്ങൾ ഇന്ന് പൂർണ്ണമായും കോഴ വാങ്ങിയാണ് എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികൾക്കും നന്നായി അറിയാം. തെളിവ് അവശേഷിപ്പിക്കാതെയാണ് അത് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ നിഷേധിക്കുക വളരെ എളുപ്പമാണ്. വ്യവസ്ഥാപിത മാർഗങ്ങൾ പൂർണ്ണമായും അനുസരിച്ചാണ് നിയമനങ്ങൾ നടത്തുന്നത് എന്ന പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയുടെ പ്രസ്താവന തികച്ചും ശരിയാണ്. അവരുടെ വ്വ്യവസ്ഥാപിത മാർഗ്ഗങ്ങളിൽ പെട്ടതാണ് ഈ കോഴയും അതിന്റെ ഒളിപ്പിക്കലും
. ന്യൂനപക്ഷ അവകാശങ്ങളുടെ പേരിലാണ് ഈ അനീതി ഇവിടെ നടപ മാടുന്നത് . ഭരണഘടന മാറ്റത്തിന് വിധേയമാണെന്നിരിക്കെ ന്യൂനപക്ഷാവകാശ നിയമങ്ങളൊക്കെ ഭേദഗതി ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
എയ്ഡഡ് സ്കൂൾ നിയമനങ്ങളും പി എസ് സി ക്ക് വിടുക എന്നത് മാത്രമാണ് ഈ അഴിമതിയും ആത്മഹത്യയും ആവർത്തിക്കാതിരിക്കാൻ ഉള്ള ഏകമാർഗ്ഗം. എതിർപ്പുകളെ അതിജീവിക്കാൻ തക്കവണ്ണം ശക്തമായിരിക്കണം ജനാധിപത്യം. ഇവിടെ ജനാധിപത്യം അല്ല മതാധിപത്യമാണ് ഭരണം നടത്തുന്നത്.
മകളെ മാപ്പ് എന്നത് തികച്ചും ഔപചാരികമായതുകൊണ്ട് ഞാൻ അതിനു മുതിരുന്നില്ല. ദീർഘകാലമായി നിയമനം അംഗീകരിച്ചു കിട്ടാത്ത എല്ലാ ടീച്ചേഴ്സിനോടും വാങ്ങിയ കോഴ അവർക്ക് പലിശ സഹിതം തിരിച്ചു നൽകേണ്ടതാണ്. സക്കെവൂസ് അന്യായമായി വഞ്ചിച്ചെടുത്ത തുക നാല് ഇരട്ടിയായി തിരിച്ചു നൽകുമെന്ന് പറഞ്ഞപ്പോൾ യേശു അവനോട് പറഞ്ഞു “ഇന്ന് ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു.”. – ജേക്കബ് കുളവട്ടം