
കോഴിക്കോട്: ടൌൺ പോലീസ് സ്റ്റേഷൻ പരിധിയിലെ മാനാഞ്ചിറവെച്ച് വയോധികയുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഹൈദരാബാദ് സ്വദേശിയായ രാജാറാവു (22 ) നെ ടൌൺ പോലീസ് അറസ്റ്റ് ചെയ്തു.
21.02.2025 തിയ്യതി രാവിലെ 11.00 മണിക്ക് കോഴിക്കോട് BEM സ്കൂളിന് സമീപം മാനാഞ്ചിറ സ്ക്വയറിനോടു ചേർന്നുള്ള ഫുട്‌പാത്തിലൂടെ LIC ഭാഗത്തേക്ക് നടന്ന് പോകയായിരുന്ന റിട്ടയേർഡ് കോടതി സ്റ്റാഫും കരുവശ്ശേരി സ്വദേശിനിയുമായ വയോധിക കഴുത്തിലണിഞ്ഞിരുന്ന താലിയോടുകൂടിയ 5 പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് പ്രതി പൊട്ടിച്ച് ഓടിയത്. കണ്ണഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ വിപിന്റെ അവസരോചിതമായ ഇടപെടലിലൂടെ പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ചതിനെതുടർന്ന് ടൌൺ പോലീസ് സ്റ്റേഷനിലെ SI മുരളീധരനും സംഘവും സംഭവസ്ഥലത്തെത്തി പൊട്ടിച്ചെടുത്ത മാല സഹിതം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.