
കോഴിക്കോട് : സിവിൽ സ്റ്റേഷനിലെ വനിതാ ജീവനക്കാർക്കായി ആരോഗ്യം ആനന്ദം മെഗാ ക്യാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ആനന്ദം ….അകറ്റാം അർബുദം എന്ന ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് സിവിൽ സ്റ്റേഷൻ വനിതാ ജീവനക്കാർക്ക് കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു .സ്ത്രീകളെ ബാധിക്കുന്ന മാറിടത്തിലെ അർബുദം , ഗർഭാശയഗള അർബുദം എന്നിവ നേരത്തെ നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുന്ന പദ്ധതിയാണ് ആരോഗ്യം ആനന്ദം ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ. 2025 മാർച്ച് 4,5,6 തീയതികളിൽ പ്രത്യേക സ്ലോട്ട് നൽകിയാണ് ജീവനക്കാർക്കുള്ള ക്യാൻസർ സ്ക്രീനിംഗ് നടത്തുന്നത്. നഗര ആരോഗ്യ കേന്ദ്രം സിവിൽ സ്റ്റേഷനിൽ വെച്ചാണ് പരിശോധന നടത്തുന്നത്. ദേശീയ നഗരാരോഗ്യ ദൗത്യത്തിലെ മെഡിക്കൽ ഓഫീസർമാർ, സ്റ്റാഫ് നേഴ്സുമാർ , എൻ.യു എച്ച് .എം കോഡിനേറ്റർമാർ, ലേഡി ഹെൽത്ത് വിസിറ്റർ എന്നിവരടങ്ങുന്ന ടീമാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ആദ്യദിനത്തിൽ 73 പേരുടെ ഗർഭാശയഗള സ്തനാർബുദ ക്യാൻസർ പരിശോധനകൾ നടത്തി. ഇതിൽ 39 പേരുടെ പാസ്മിയർ പരിശോധനയ്ക്ക് അയച്ചു. 13 പേരെ മാമോഗ്രാം പരിശോധനയ്ക്കായി റഫർ ചെയ്തു . പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ എം.എൻ. പ്രവീൺ നിർവഹിച്ചു. ഈ ജനകീയ ക്യാമ്പയിൻ ഒരു അവസരമായി കാണണമെന്നും സ്ത്രീകൾ എല്ലാവരും തന്നെ ഈ പരിശോധനയ്ക്ക് വിധേയരാവണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു. ജില്ല ആർബിഎസ്കെ കോഡിനേറ്റർ ശ്രീമതി മഞ്ജു വി എം ചടങ്ങിന് സ്വാഗതവും എൻ.യു.എച്ച്.എം കോർഡിനേറ്റർ ശ്രീ സത്യജിത്ത് ചടങ്ങിന് നന്ദിയും അർപ്പിച്ചു.