
ന്യൂഡൽഹി :
രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ ആവശ്യമായ സ്പെഷൽ എജുക്കേറ്റർ തസ്തിക മൂന്ന് മാസത്തിനകം സൃഷ്ടിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 12 ആഴ്ചകൾക്കുള്ളിൽ പൊതുവിദ്യാലയങ്ങളിലെ തസ്തിക വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതി നിർദ്ദേശം നൽകി. നിലവിൽ താൽക്കാലിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്പെഷൽ എജുക്കേറ്റർ ന്മാരെ വിദ്യാലയങ്ങളിൽ നിയമിക്കണം. നിയമന പ്രായം കഴിഞ്ഞ അധ്യാപകർക്ക് വയസിളവ് അനുവദിക്കണം. സ്പെഷൽ എജുക്കേറ്റർ ന്മാരുടെ നിയമന തിയതി മുതൽ മറ്റ് അധ്യാപകരുടെ വേതനം ഇവർക്കും ലഭ്യമാക്കണം – കോടതി നിർദ്ദേശിച്ചു. താത്ക്കാലിക സ്പെഷൽ എജുക്കേറ്റർ ന്മാരെ സ്ഥിരമായി നിയമിക്കുമ്പോൾ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി. ഐ ) നിഷ്ക്കർഷിക്കുന്ന യോഗ്യത ഉറപ്പാക്കണം. താത്ക്കാലികമായി ജോലി ചെയ്ത സേവന കാലാവധി പരിഗണിക്കണം. ഭിന്ന ശേഷി കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് കൂടുതൽ സ്പെഷൽ എജുക്കേറ്റർ ന്മാരെ നിയമിക്കണമെങ്കിൽ സംസ്ഥാന സർക്കാറുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. പ്രൈമറിയിൽ 1 : 10 , സെക്കൻ ണ്ടറി യിൽ 1:15 എന്ന അധ്യാപക വിദ്യാർഥി അനുപാതത്തിലാണ് നിയമനം നടത്തേണ്ടത്. സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി , ആർ.സി. ഐ പ്രതിനിധി , ഭിന്നശേഷി കമ്മീഷനർ എന്നിവർ അടങ്ങിയ സ്ക്രീനിംഗ് കമ്മിറ്റി യെ അധ്യാപക നിയമനത്തിനായി നിയോഗിക്കണം. മാർച്ച് 28 നകം രണ്ട് പത്രങ്ങളിൽ സ്പെഷൽ എജുക്കേറ്റർ ഒഴിവ് സംബന്ധിച്ച് പരസ്യം നൽകണമെന്നും കോടതി നിർദേശിച്ചു.
കേരളത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ 2886 സ്പെഷൽ എജുക്കേറ്റർ ന്മാരാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലായി സർക്കാർ , എയ്ഡഡ് സ്കൂളുകളിലായി 123831 ഭിന്നശേഷി കുട്ടികളുണ്ടെന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.
2016 ൽ ഉത്തർ പ്രദേശ് സ്വദേശിയായ രജ്നീഷ് കുമാർ പാണ്ഡെ യാണ് രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ സ്പെഷൽ എജുക്കേറ്റർ ന്മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത്. രാജ്യത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും സ്പഷൽ എജുക്കേറ്റർമ്മാരെ നിയമിക്കണമെന്ന് 2021 ൽ ഇടക്കാല വിധിയിൽ സുപ്രീം കോടതി ഉത്തരവിട്ടു . ഇതേ തുടർന്ന് , കേരള സ്പെഷൽ എജുക്കേറ്റേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ 253 സ്പെഷൽ എജുക്കേറ്റർ കേസിൽ കക്ഷി ചേർന്നു. ഇവർക്കായി സുപ്രീം കോടതി സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് , ബിജു പി. രാമൻ എന്നിവർ ഹാജരായി. 2024 ൽ കേരളത്തിലെ വേറെയും വിവിധ സ്പെഷൽ എജുക്കേറ്റേഴ്സ് കൂട്ടായ്മകൾ കേസിൽ കക്ഷി ചേർന്നു. സംസ്ഥാനങ്ങൾ തസ്തിക സൃഷ്ടിച്ചത് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ 12 ആഴ്ചകൾക്ക് ശേഷം സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും