
കോഴിക്കോട് : ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ഓവുചാലിൽ വീണ് കാണാതായ വയോധികന്റെ മരണത്തിൽ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും നഗരസഭാ സെക്രട്ടറിയുടെയും ഭാഗത്തു നിന്നുണ്ടായത് ഗുരുതര കൃത്യവിലോപമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
തുറന്നു കിടക്കുന്ന ഓടകൾ മൂടണമെന്ന് കമ്മീഷൻ ആവർത്തിച്ചു നിർദ്ദേശിച്ചിട്ടും നടപടിയെടുക്കാത്തതു കാരണമാണ് നിരവധി ജീവനുകൾ അപഹരിക്കപ്പെട്ടതെന്നും ഉത്തരവിൽ പറഞ്ഞു. ജീവിക്കാനുള്ള അവകാശം ഏറ്റവും വലിയ മനുഷ്യാവകാശമാണെന്നും അത് സാധ്യമാക്കി നൽകേണ്ടത് ഉദ്യോഗസ്ഥരുടെ ബാധ്യതയുമാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
പൊതുമരാമത്ത് (റോഡ്സ്) വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറും നഗരസഭാ സെക്രട്ടറിയും മരണം സംഭവിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകംസമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഏപ്രിലിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കനത്ത മഴയിൽ കോവൂർ എം.എൽ.എ. റോഡ് മണലേരിതാഴത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കവേയാണ് പിന്നിലൂടെ ഒഴുകുകയായിരുന്ന ഓവുചാലിലേക്ക് ശശി മറിഞ്ഞു വീണത്.
നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ തുറന്നു കിടക്കുന്ന ഓവുചാലുകളുണ്ട്.