KERALAlocaltop news

ഫുട്പാത്ത് കൈയേറി തട്ടുകട : ഇല്ലാത്ത അധികാരം പ്രയോഗിച്ച ട്രിബ്യൂണൽ ചെയർമാന് മനുഷ്യാവകാശ കമീഷൻ്റെ കാരണം കാണിക്കൽ നോട്ടീസ് ; കൈയേറ്റം 24 മണിക്കൂറിനകം ഒഴിപ്പിച്ചില്ലെങ്കിൽ നടപടി

* ജുഡീഷ്യൽ അധികാരമുള്ള മനുഷ്യാവകാശ കമീഷൻ്റെ മേൽ റിട്ട.മജിസ്ട്രേട്ടിന് അധികാരമില്ലെന്ന്, കച്ചവടക്കാർക്ക് ആവശ്യമെങ്കിൽ ഹൈകോടതിയെ സമീപിക്കാം

കോഴിക്കോട് : മനാഞ്ചിറക്കടുത്ത   അനധികൃത ഫുട്പാത്ത് കച്ചവടം ഒഴിപ്പിച്ച വിഷയത്തിൽ ഇല്ലാത്ത അധികാരം പ്രയോഗിച്ച റിട്ട. ജില്ലാ ജഡ്ജിക്ക് സംസ്ഥാന മനുഷ്യാവകാശ കമീഷൻ്റെ കാരണം കാണിക്കൽ നോട്ടീസ്. തെരുവുകച്ചവട         സംരക്ഷണ നിയമപ്രകാരം രൂപീകൃതമായ സംസ്ഥാന കമ്മിറ്റിയുടെ ചെയർമാൻ റിട്ട. ജില്ലാ ജഡ്ജ് എം.എ.നിസാറിന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ .ബൈജുനാഥ് നോട്ടീസയച്ചത്. റിട്ട. ജഡ്ജിയുടെ ഉത്തരവ് പ്രകാരം വീണ്ടും മാനാഞ്ചിറ പട്ടാള പള്ളിക്കടുത്ത ഫുട്പാത്ത് കൈയേറി വീണ്ടും സ്ഥാപിച്ച ഉന്തുവണ്ടി – പെട്ടിക്കടകൾ 24 മണിക്കൂറിനകം നീക്കം ചെ യ്തിരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ഇന്നലെ നടന്ന സിറ്റിംഗിൽ കോഴിക്കോട് സിറ്റി പോലീസ് കമീഷണർ, നഗരസഭാ സെക്രട്ടറി എന്നിവർക്ക് കർശന നിർദ്ദേശം നൽകി. ഹൈകോടതിയുടെ നിയന്ത്രണത്തിലുള്ളതും ജുഡീഷ്യൽ അധികാരമുള്ളതുമായ സംസ്ഥാന മനുഷ്യാവകാശ കമീഷനോടോ, പോലീസിനോടോ, നഗരസഭ സെക്രട്ടറിയോടോ ഉത്തരവിടാൻ യാതൊരു ജുഡിഷ്യൽ അധികാരവുമില്ലാത്ത തെരുവുകച്ചവട സംരക്ഷണ സമിതി ചെയർമാന് ഒരു വിധ അധികാരവും ഇല്ലെന്ന് കമീഷൻ ഉത്തരവിൽ വ്യക്തമാക്കി. തെരുവുകച്ചവടക്കാർ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ  പരിഹരിക്കാനാണ് സർക്കാർ കമ്മിറ്റി രൂപികരിച്ചത്. മാത്രമല്ല, താൻ മാനാഞ്ചിറയിൽ ഒഴിപ്പിച്ച കച്ചവടം തെരുവിലല്ല. കാൽനടയാത്രക്കാർക്ക് നിയമപ്രകാരം നക്കി വച്ച ഫുട്പാത്തിലെ കച്ചവടമാണ്. തെരുവുകച്ചവടക്കാരുടെ ജീവിതോപാദിയേക്കാൾ പ്രാധാന്യം കാൽ നടയാത്രക്കാരുടെ ജീവനുണ്ടെന്ന് ചൂണ്ടിക്കാട്ടി മലാപ്പറമ്പ് സ്വദേശി നൽകിയ പരാതി  ശരിവച്ചുകൊണ്ടാണ്കമീഷൻ്റെ പുതിയ ഉത്തരവ്. കച്ചവടക്കാർക്ക് ആവശ്യമെങ്കിൽ ഹൈകോടതിയെ സമീപിക്കാമെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. തെരുവ് കച്ചവടത്തിന് തദ്ദേശ സ്ഥാപനത്തിൻ്റെ ലൈസൻസ് ലഭിക്കണമെങ്കിൽ – ട്രാഫിക് പോലീസിൻ്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത്തരമൊരു സർട്ടിഫിക്കറ്റ് നൽകിയോ എന്ന് പോലീസിനോടും, ലഭിച്ചിട്ടുണ്ടോ എന്ന് നഗരസഭാ പ്രതിനിധിയോടും കമീഷൻ ആരാഞ്ഞു. ഇല്ലെന്ന മറുപടി രേഖാമൂലം കൈപ്പറ്റിയ ശേഷമാണ് യുദ്ധകാലാടിസ്ഥാനത്തിൽ കൈയേറ്റം ഒഴിപ്പിക്കാൻ കമീഷൻ ഉത്തരവിട്ടത്. റിട്ട. ജില്ലാ ജഡ്ജി ഇല്ലാത്ത അധികാരം പ്രയോഗിച്ചതും, ഒഴിപ്പിച്ച കടകൾ തിരിച്ചെത്തിയതുമടക്കം വിശദമായ റിപ്പോർട്ട് ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയതായി അറിയുന്നു. വിഷയം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close