
ബാബു ചെറിയാൻ കോഴിക്കോട്: പ്രമേഹ രോഗികൾ ധാരാളമായി ഉപയോഗിക്കുന്ന ഗുളികയ്ക്ക് മൂന്നിരട്ടിയിലധികം വില പ്രിൻ്റ് ചെയ്ത് മരുന്നു കമ്പനിയുടെ കൊള്ളയടി. SITAGLIPTIN PHOSPHATE & METFORMIN HYDROCLORIDE എന്ന രാസപദാർത്ഥം അടങ്ങിയ JANUPAL 50/1000 എന്ന പേരിൽ ഇറക്കുന്ന ഗുളികയ്ക്കാണ് ന്യൂദൽഹി ഷാപൂർ ജതിലെ – Jagsonpal ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്ന മരുന്ന് കമ്പനി കൊള്ള വില പ്രിൻ്റ് ചെയ്ത് പ്രമേഹ രോഗികളെ കൊള്ളയടിക്കാൻ അവസരം ഒരുക്കുന്നത്. 15 എണ്ണം അടങ്ങിയ ഒരു സ്ട്രിപ് ഗുളികയ്ക്ക് 369.60 രൂപയാണ് മാക്സിമം റിട്ടയിൽ പ്രൈസ് അഥവാ MRP പ്രിൻ്റ് ചെയ്തിരിക്കുന്നത്. സാധാരണക്കാർ മെഡിക്കൽ ഷോപ്പിൽ ചെന്നാൽ ഈ വില നൽകണം. എന്നാൽ പരിചയമുള്ളവരാണെങ്കിൽ ഈ മരുന്ന് 129.50 രൂപയ്ക്ക് ലഭിക്കും. എം ആർ പി അനുസരിച്ച് ഒരു ഗുളികയ്ക്ക് 24.64 രൂപ വരുമെങ്കിലും പരിചയമുണ്ടങ്കിൽ 8.64 രൂപ നൽകിയാൽ മതി. അതായത് ഒരു ഗുളികയ്ക്ക് 15 രൂപ അധികമായാണ് വില പ്രിൻ്റ് ചെയ്തിരിക്കുന്നത്. നീതി മെഡിക്കൽ ഷോപ്പിലായാലും ഒരു ഗുളിക 8.64 രൂപയ്ക്ക് വിറ്റാൽ ലാഭം ഉണ്ടാകും എന്നിരിക്കെയാണ് 300 ശതമാനം വരെ അധിക വില ഈടാക്കി രോഗികളെ കൊള്ളയടിക്കുന്നത്. ജീവിതശൈലി രോഗമായ പ്രമേഹത്തിന് മിക്ക ഡോക്ടർമാരും പ്രിസ്ക്രൈബ് ചെയ്യുന്ന മരുന്നാണിത്. മാർക്കറ്റിൽ വൻ കച്ചവടവും നടക്കുന്നുണ്ട്. ഇതേ രീതിയിൽ നിരവധി മരുന്നുകൾക്ക് വില കൂട്ടി പ്രിൻ്റ് ചെയ്തു പകൽകൊള്ള നടക്കുന്നുണ്ടെങ്കിലും നടപടിയെടുക്കേണ്ട ഡ്രഗ് കൺട്രോളർ വകുപ്പടക്കം നിർജീവാവസ്ഥയിലാണ്. പരിശോധിക്കാൻ എല്ലാ ജില്ലകളിലും ഡ്രഗ് ഇൻസ്പെക്ടർമാർ ഉണ്ട്. വൻതുക ശമ്പളം വാങ്ങുന്ന ഇവർ മരുന്ന് മാർക്കറ്റിൽ കാര്യമായ ഒരു പരിശോധനയും നടത്തുന്നില്ലന്ന് പരാതിയുണ്ട്.