
മാനാഞ്ചിറയിലെ മനുഷ്യാവകാശ ലംഘനങ്ങൾ: മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെയുള്ള നിർദ്ദേശം 7 ദിവസത്തിനകം പിൻവലിക്കണമെന്ന് കമ്മീഷൻ
കോഴിക്കോട് : മാനാഞ്ചിറ എൽ.ഐ.സിക്ക് സമീപം മനുഷ്യജീവനെ വെല്ലുവിളിച്ച് നടപ്പാതയിൽ തെരുവുകച്ചവടക്കാർ നടത്തിയ കൈയേറ്റം ഒഴുപ്പിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ, തെരുവു കച്ചവടക്കാരുടെ (ഉപജീവന സംരക്ഷണവും തെരുവുകച്ചവട നിയന്ത്രണവും) നിയമം 2014 ന്റെ അടിസ്ഥാനത്തിൽ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ ചെയർമാൻ നൽകിയ നിർദ്ദേശം ഏഴു ദിവസത്തിനകം പിൻവലിച്ച് നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
കമ്മിറ്റി ചെയർമാനാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.
തെരുവുകച്ചവടക്കാരുടെ ഉപജീവന സംരക്ഷണ കമ്മിറ്റിയുടെ ചെയർമാൻ നൽകിയ നിയമ വിരുദ്ധ നിർദ്ദേശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലാപറമ്പ സ്വദേശി ബാബു പാറമ്മേൽ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടക്കാല ഉത്തരവും ഷോക്കോസ് നോട്ടീസും നൽകിയത്. മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെ തുടർന്ന് നഗരസഭയും പോലീസും തെരുവുകച്ചവടക്കാരെ ഒഴിപ്പിച്ചെങ്കിലും തെരുവുകച്ചവട സംരക്ഷണ കമ്മിറ്റി ചെയർമാൻ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കച്ചവടക്കാർ തിരികെയെത്തിയെന്നാണ് പരാതി.
മനുഷ്യാവകാശ സംരക്ഷണ നിയമം, 1993 അനുസരിച്ച് സിവിൽ കോടതിയുടെ അധികാരങ്ങളുള്ള മനുഷ്യാവകാശ കമ്മീഷന്റെ ജുഡീഷ്യൽ ഉത്തരവിൽ ഇടപെടാൻ എന്ത് അധികാരമാണ് കമ്മിറ്റി ചെയർമാനുള്ളതെന്ന് കമ്മീഷൻ ഉത്തരവിൽ ചോദിച്ചു. തെരുവു കച്ചവടക്കാരുടെ സംരക്ഷണ നിയമത്തിലെ സെക്ഷൻ 27 അനുസരിച്ച് മാനാഞ്ചിറക്ക് മുന്നിലുള്ള സ്ഥലത്ത് തെരുവ് കച്ചവടത്തിന് കോർപ്പറേഷനോ പോലീസോ നൽകിയ സർട്ടിഫിക്കറ്റ് ലഭ്യമാണോ ? പ്രസ്തുത നിയമത്തിലെ ബന്ധപ്പെട്ട വ്യവസ്ഥ പ്രകാരം തർക്കത്തിലുള്ള സ്ഥലത്ത് തെരുവു കച്ചവടം അനുവദിക്കപ്പെട്ടിട്ടുള്ള ഇടമാണോ ?
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് കോർപ്പറേഷൻ നീക്കം ചെയ്ത തെരുവുകച്ചവടക്കാർ, കമ്മിറ്റി ചെയർമാന്റെനിർദ്ദേശാനുസരണം അതേ സ്ഥലത്ത് തിരികെയെത്തിയ സാഹചര്യത്തിൽ കമ്മിറ്റി ചെയർമാൻ നഗ്നമായ മനുഷ്യാവകാശ ലംഘനത്തിന് കുട പിടിച്ചിരിക്കുകയാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിന് കമ്മിറ്റി ചെയർമാൻ 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ഇല്ലെങ്കിൽ മനുഷ്യാവകാശ സംരക്ഷണ നിയമം, 1993-ലെ സെക്ഷൻ 18 അനുസരിച്ചുള്ള നടപടികളിലേക്ക് പ്രവേശിക്കുമെന്നും ഉത്തരവിൽ പറയുന്നു.
നടപ്പാതകൾ ഉപയോഗിക്കുവാനുള്ള അധികാരം കാൽനടയാത്രക്കാർക്ക് മാത്രമാണെന്ന് നിരവധി കോടതി ഉത്തരവുകളുണ്ടെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിരീക്ഷിച്ചു. മനുഷ്യാവകാശ കമ്മീഷന്റെയോ കോർപ്പറേഷന്റെയോ പോലീസിന്റെയോ ഉത്തരവുകളെ ചോദ്യം ചെയ്യാൻ കമ്മിറ്റി ചെയർമാന് ഒരധികാരവുമില്ലെന്ന് പരാതിക്കാരനും അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ചോദ്യം ചെയ്യണമെങ്കിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിലോ സുപ്രീം കോടതിയിലോ റിട്ട്സമർപ്പിക്കണമെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. എന്നാൽ കമ്മിറ്റിയുടെ അപ്പീൽ അധികാരിയായ കോഴിക്കോട് കോർപ്പറേഷനാണ് കമ്മിറ്റി നിർദ്ദേശം നൽകിയിരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷന്റെ കീഴിലാണ് നിസാർ കമ്മിറ്റി പ്രവർത്തിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.