
കോഴിക്കോട്: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഡിയോളജിസ്റ്റുകൾക്കായി ആദ്യത്തെ ദേശീയ തല അഡ്വാൻസ്ഡ് ഹാൻഡ്‌സ്-ഓൺ പരിശീലന ശില്പശാല മൈഹാർട്ട് സെന്റർ ഫോർ കാർഡിയാക് കെയറിൽ സംഘടിപ്പിച്ചു. പരിശീലന സെഷനുകളുടെ ഭാഗമായി നിരവധി സങ്കീർണ്ണമായ TAVR കേസുകൾ ചെയ്തുകൊണ്ടാണ് ശില്പശാല നടത്തിയത്.
ശസ്ത്രക്രിയ കൂടാതെ വാൽവ് മാറ്റിസ്ഥാപിക്കൽ പോലുള്ള പ്രധാന നടപടിക്രമങ്ങൾ ചെയ്യാൻ യുവ കാർഡിയോളജിസ്റ്റുകൾക്ക് വിദഗ്ധപരിശീലനവും പിന്തുണയും നൽകുകയും ചികിത്സാ ചിലവ് താങ്ങാനാവുന്നതാക്കി മാറ്റുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് മൈഹാർട്ട് സെന്റർ ഫോർ കാർഡിയാക് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. അലി ഫൈസൽ പറഞ്ഞു. ഹൃദയ ചികിത്സയുടെ ഭാവി പ്രധാനമായും ഈ മിനിമലി ഇൻവേസീവ് ടെക്നിക്കിലൂടെയായിരിക്കും നടക്കുകയെന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രോക്ടറായിരുന്ന ഡോ. ആശിഷ്കുമാർ അഭിപ്രായപ്പെട്ടു. സീനിയർ കൺസൾട്ടന്റുമാരായ ഡോ. എസ്.എം. അഷ്‌റഫ്, ഡോ. ജയേഷ് ഭാസ്‌കരൻ എന്നിവരുടെ മാർഗനിർദേശപ്രകാരം കാർഡിയോളജിസ്റ്റുകൾ, കാർഡിയാക് സർജൻമാർ, അനസ്തറ്റിസ്റ്റ് എന്നിവരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ പിന്തുണയോടെയാണ് ശില്പശാല നടത്തിയത്.
കാർഡിയോളജിസ്റ്റുകൾ, സർജൻമാർ, അനസ്തെറ്റിസ്റ്റുകൾ എന്നിവരടങ്ങുന്ന 15 അംഗ വിദഗ്ധ സംഘം ഉൾപ്പെടുന്ന ‘മൈഹാർട്ട് സെന്റർ ഫോർ കാർഡിയാക് കെയർ’ ഉയർന്ന തലത്തിലുള്ള ഹൃദയ പരിചരണം നൽകുകയും സംസ്ഥാനത്തുടനീളം അതിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു.