
കോഴിക്കോട്: ആരോഗ്യ ജാഗ്രതാ മുദ്രാവാക്യവുമായി ആവേശത്തോടെ അവർ അണിനിരന്നു. പ്രായമോ,സാഹചര്യങ്ങളോ തടസമായില്ല. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിലും, ജോലി നൽകുന്ന അതിസമർദ്ദങ്ങളിലും മാനസികാരോഗ്യമുൾപ്പെടെ വെല്ലുവിളിക്കപ്പെടുമ്പോഴും ആരോഗ്യ പരിപാലന മുദ്രാവാക്യവുമായി ഒത്തുചേർന്നത് മാധ്യമ പ്രവർത്തകരും കായികതാരങ്ങളും. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും കാലിക്കറ്റ് പ്രസ് ക്ലബ്ബും സംയുക്തമായി ഫിറ്റ് ഇന്ത്യ സൺഡേസ് ഓൺ സൈക്കിൾ ക്യാമ്പയിൻ കോഴിക്കോട് നഗരത്തിന് പുതിയ അനുഭവമായി. സൈക്കിൾ റാലി കായിക മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ കോഴിക്കോട് ബീച്ച് കോർപ്പറേഷൻ ഓഫീസിന്റെ മുന്നിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ സായി അത്ലറ്റിക്സ് കോച്ച് നവീൻ മാലിക് അധ്യക്ഷനായിരുന്നു. പ്രസ് ക്ളബ് വൈസ് പ്രസിഡണ്ട് ബിജുനാഥ് സ്വാഗതം പറഞ്ഞു.