
കോഴിക്കോട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്സിലെ പ്രതി പാലക്കാട് കോരൻചിറ സ്വദേശി മാരുകല്ലിൽ അർച്ചന തങ്കച്ചൻ (28 )നെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത് .
കോഴിക്കോട് കല്ലായി സ്വദേശിയായ യുവാവിനോട് വിദേശത്ത് ജോലി ശരിയാക്കിതരാം എന്ന് പറഞ്ഞ് “ Billion Earth Migration” എന്ന സ്ഥാപനത്തിന്റെ ഓണറും മാനേജരുമായ പ്രതി 2023 മാർച്ച് മാസം രണ്ട് തവണകളിലായി മൂന്ന് ലക്ഷം രൂപ വാങ്ങി ജോലി ശരിയാക്കികൊടുക്കാതെ കബളിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ പ്രതി വയനാട് വെള്ളമുണ്ടയിൽ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പന്നിയങ്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാർ, SI സുജിത്ത്, CPO മാരായ രാംജിത്ത്, സുനിത, ശ്രുതി എന്നിവർ ചേർന്ന അന്വേഷണസംഘം വെള്ളമുണ്ടയിൽ വെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതി പല ആളുകളിൽ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയിട്ടുണ്ടെന്നും, സമാന കുറ്റകൃത്യം നടത്തിയതിന് പ്രതിയക്കെതിരെ എറണാംകുളം പോലീസ് സ്റ്റേഷനിൽ രണ്ട് കേസ്സും, വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ ഒരു കേസ്സും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു .