KERALAlocaltop news

സർക്കാർ ഉദ്യോഗസ്ഥർ യജമാനന്മാർ അല്ല: ഡോ.പ്രകാശ് പി തോമസ്

 

തിരുവല്ല : സർക്കാർ ഉദ്യോഗസ്ഥർ യജമാനൻമാർ അല്ല എന്നും അവർ ജനങ്ങളുടെ സേവകരാണെന്നുമുള്ള സത്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ തയ്യാറാകണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ മറവിൽ നിരപരാധികളെ ജയിലിൽ അടയ്ക്കുവാൻ ശ്രമിക്കുന്ന വനപാലകർ മുൻപ് അവരുടെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട മത്തായിമാരെ സൃഷ്ടിക്കുകയാണ്. കഴിഞ്ഞദിവസം കോന്നിയിൽ സ്വകാര്യ ഭൂമിയിൽ അതിക്രമിച്ചു കയറിയ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞതുമായി ബന്ധപ്പെട്ട് ഭൂ ഉടമയ്ക്കും തൊഴിലാളികൾക്കും എതിരായി വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിവരുന്ന പരാക്രമങ്ങൾ അംഗീകരിക്കാനാവില്ല. ഭൂമി പാട്ടത്തിന് എടുത്തയാൾ കൃഷി സ്ഥലം ഒരുക്കുവാൻ കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ വരെ അകാരണമായി കസ്റ്റഡിയിൽ എടുക്കുന്ന അവസ്ഥയാണുള്ളത്.

കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചു വെക്കുവാൻ ആണ് കർഷകർക്കും തൊഴിലാളികൾക്കും എതിരെ ഉദ്യോഗസ്ഥർ അതിക്രമം നടത്തുന്നത്. കർഷകരുടെ ജീവൻ നഷ്ടപ്പെട്ടാൽ കാണിക്കാത്ത ആവേശമാണ് വന്യമൃഗങ്ങൾ സ്വകാര്യഭൂമിയിൽ അതിക്രമിച്ച കടക്കുന്നതിനിടയിൽ മരണപ്പെട്ടാൽ വനപാലകർ കാണിക്കുന്നത്. കോന്നിയിൽ അനധികൃതമായി 11 പേരെ കസ്റ്റഡിയിലെടുത്ത് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുവാൻ നിർബന്ധിച്ചു എന്ന് അറിയുന്നു. കാടു വിട്ട് നാട്ടിൽ ഇറങ്ങുന്ന മൃഗങ്ങൾക്ക് കാട്ടുമൃഗം എന്ന പരിഗണന നൽകണമെന്ന ആവശ്യം ഫോറസ്റ്റ് ഉദ്യോഗസ്ഥർ കടലിൽ ഇറങ്ങിയിട്ട് തങ്ങളുടെ അധികാരപരിധി ആണെന്ന് പറയുന്നതുപോലെ വിചിത്രമാണ്. ഭരണകക്ഷി എംഎൽഎ പോലും വനപാലകർക്കെതിരായി നിലപാട് എടുക്കേണ്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്. വനപാലകരുടെ അതിക്രമം എത്രമാത്രം ഗുരുതരമാണ് എന്നത് ഈ നടപടി വ്യക്തമാക്കുന്നു. വനപാലകരുടെ ഇത്തരം നടപടികൾക്കെതിരെയും വന്യജീവി ആക്രമണത്തിനെതിരെയും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പലതവണ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വന്യമൃഗങ്ങളിൽ നിന്നും അതിലും ആക്രമണകാരികളായ വനപാലകരിൽ നിന്നും മലയോര പ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷിക്കുവാൻ അടിയന്തര നടപടി ഉണ്ടാകണം എന്നും ഡോ. പ്രകാശ് പി തോമസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close