
കോഴിക്കോട് : പ്രതിപക്ഷ വനിതാ അംഗവും ഡെപ്യൂട്ടി മേയറും തമ്മിൽ നീണ്ട തർക്കവും വാക്പോരും പിന്നാലെ സസ്പെൻഷനും പ്രതിഷേധവും. അര മണിക്കൂർ സഭ നിർത്തി വച്ച് ചർച്ച നടത്തിയ ശേഷം പ്രതിപക്ഷത്തിൻ്റെ പ്രതിഷേധ മുദ്രാവാക്യം വിളിക്കിടെ കേവലം അഞ്ച് മിനിറ്റിനകം നൂറോളം അജണ്ടകൾ പാസ് – പാസ് ചൊല്ലി പാസാക്കി കൗൺസിൽ യോഗം അവസാനിപ്പിക്കുകയും ചെയ്തു. ചർച്ചകൾ നടത്തേണ്ട നിരവധി അജണ്ടകൾ നിഷ്പ്രയാസം പാസാക്കിയതിനും ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദിൻ്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം സാക്ഷിയായി. മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വിഷയത്തിൽ പ്രതിപക്ഷ ഉപനേതാവ് കെ.സി. ശോഭിത കൊണ്ടു വന്ന അടിയന്തിര പ്രമേയത്തിന് ഡെപ്യൂട്ടി മേയർ അനുമതി നിഷേധിച്ച ശേഷം കൗൺസിലർമാർ വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിക്കവെയാണ് പ്രശ്നം ഉടലെടുത്തത്. ഓവുചാലുകൾ വൃത്തിയാക്കാത്ത വിഷയത്തിൽ ടി. മുരളീധരനും, നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം തേടി കെ. മൊയ്തീൻ കോയയും, ശ്രദ്ധ ക്ഷണിച്ചതിന് ശേഷം ബസ് കാത്തിരിപ്പു കേന്ദ്രത്തിൻ്റെ ശോച്യാവസ്ഥയെ കുറിച്ച് സി.പി. സുലൈമാൻ ശ്രദ്ധ ക്ഷണിക്കവെ പ്രതിപക്ഷാംഗം കെ. നിർമ്മല പന്നിയങ്കര വാർഡിലെ സമാന വിഷയം ചൂണ്ടിക്കാണിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. തൻ്റെ വാർഡിലെ ചരിത്രസ്മാരകമായ സത്രം ബിൽഡിംഗ് പൊളിച്ചു നീക്കിയതായും ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ തന്നോട് കൗൺസിലർ എം. ബിജുലാൽ ഭീഷണി സ്വരത്തിൽ സംസാരിച്ചതായും നിർമ്മല വിശദീകരിച്ചു. “ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്നിട്ടും തങ്ങൾക്ക് ഒന്നും സംഭവിച്ചില്ല, പിന്നെയാണോ ഈ കാര്യം ” എന്ന് ബിജുലാൽ ഭീഷണിപ്പെടുത്തിയതായി നിർമല പറഞ്ഞു തീരവെ, സ്വകാര്യ സംഭാഷണം സഭയിൽ പറയേണ്ടതില്ലെന്നും സീറ്റിൽ ഇരിക്കാനും ഡെപ്യൂട്ടി മേയർ ആവശ്യപ്പെട്ടു. ഇരുന്നും, എഴുന്നേറ്റും തർക്കം മുറുകവെ – ഈ സഭ തീരുംവരെ കേരള മുൻസിപ്പൽ ചട്ടമനുസരിച്ച് നിർമലയെ സസ്പെൻ്റ് ചെയ്തതായി ഡെപ്യൂട്ടി മേയർ പ്രഖ്യാപിച്ചു. പക്ഷെ നിർമ്മല ഇളകാതെ സീറ്റിൽ തന്നെയിരുന്നു. ഇതിനെ അനുകൂലിച്ചും എതിർത്തും ഭരണപക്ഷ – പ്രതിപക്ഷ വാക്പയറ്റ് കൊഴുക്കവെ സഭ നിർത്തിവയ്ക്കുന്നതായും, മേയറുടെ ചേംബറിൽ പാർട്ടി നേതാക്കളുടെ യോഗം ചേർന്ന ശേഷം പുന:രാംരഭിക്കുമെന്നും ഡെപ്യൂട്ടി മേയർ റൂളിങ് നൽകി. തുടർന്ന് അര മണിക്കൂറിന് ശേഷം ഡെപ്യുട്ടി മേയറും മറ്റും മടങ്ങിയെത്തി . ചെയറിൻ്റെ അധികാരം ഉപയോഗിച്ച് നിർമ്മലയെ സസ്പെൻ്റ് ചെയ്ത നടപടി ശരിയാണെന്ന് ഡെപ്യൂട്ടി മേയർ സഭയെ അറിയിച്ചു. സീറ്റിൽ ഇരിക്കാൻ പല തവണ താൻ താക്കീത് ചെയ്തിട്ടും – എന്തും ചെയ്തോ – എന്ന ധിക്കാരപരമായ സമീപനമാണ് നിർമല സ്വീകരിച്ചതെന്നും വിശദീകരിച്ചഡെപ്യൂട്ടി മേയർ അജണ്ടയിലേക്ക് കടന്നു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റ് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി. കൗൺസിൽ ഹാൾ മുദ്രാവാക്യം വിളികളാൽ പ്രകമ്പനം കൊള്ളവെ, വെറും അഞ്ച് മിനിറ്റിനകം നൂറോളം അജണ്ടകൾ പാസ് – പാസ് ചൊല്ലി പാസാക്കി യോഗം അവസാനിപ്പിച്ചു. ഡെപ്യൂട്ടി മേയറുടെ നിലപാട് ധിക്കാരപരം – യു ഡി എഫ് കൗൺസിലിൻ്റെ സാധാരണ യോഗത്തിൽ ഇന്ന് മേയറുടെ അഭാവത്തിൽ അധ്യക്ഷൻ വഹിച്ച ഡപ്യുട്ടി മേയർ സി.പി. മുസാഫർ അഹമ്മദിന്റെ ധിക്കാരപരമായ സമീപനം പൊറുപ്പിക്കില്ലെന്നും പ്രതിപക്ഷ ശബ്ദം അടിച്ചമർത്താനുള്ള ഏതൊരു നീക്കത്തെയും നേരിടുമെന്ന് യുഡി.എഫ്. കൗൺസിൽ പാർട്ടി യോഗം പ്രഖ്യാപിച്ചു. പന്നിയങ്കരയിലെ ചരിത്ര സ്മാരകമായ സത്രം കെട്ടിടം പൊളിച്ചുമാറ്റാൻ നേതൃത്വം നൽകിയ ചെക്കും കടവ് വാർഡ് കൗൺസിലറും സിപിഎം നേതാവുമായ ബിജുലാൽ, സംഭവസ്ഥലത്ത് വച്ച് പറഞ്ഞ കാര്യങ്ങൾ കെ.നിർമല കൗൺസിൽ യോഗം മുമ്പാകെ അവതരിപ്പിച്ചതാണ് ഡെപ്യൂട്ടി മേയറെ ചൊടിപ്പിച്ചത്. കെട്ടിടം പൊളിക്കുന്നത് ശരിയല്ലെന്ന് നിർമ്മല ചൂണ്ടിക്കാണിച്ചപ്പോൾ പൊളിക്കുന്നതിന് നേതൃത്വം നൽകിയ ബിജുലാൽ അന്നേദിവസം പറഞ്ഞത് ഞെട്ടിപ്പിക്കുന്നതായിരുന്നു. ” ടി.പി ചന്ദ്രശേഖരനെ വെട്ടി കൊന്നിട്ട്. ഞങ്ങൾക്ക് (സി പി.എം)ഒന്നും സംഭവിച്ചിട്ടില്ല എന്നിട്ടാണോ ഈ കാര്യം ” എന്നാണ് ബിജുലാൽ പറഞ്ഞതെന്ന് നിർമല പറഞ്ഞതിന് പ്രതികാരമായി ഡെപ്യൂട്ടി മേയർ നൽകിയ റൂളിംഗ് കൗൺസലിനെ ഞെട്ടിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനമായിരുന്നു. ഡെപ്യൂട്ടി മേയർ നടത്തിയത് അംഗീകരിക്കില്ലെന്ന് യുഡിഎഫ് അംഗങ്ങൾ യോഗത്തിൽ നിലപാട് എടുത്തു . എന്നാൽ വിചിത്രമായ സംഭവം അരങ്ങേറിയത് തുടർന്ന് നടന്ന പാർട്ടി ലീഡേഴ്സ് യോഗത്തിലാണ്. ഡപ്യുട്ടി മേയർ നിലപാടിൽ ഉറച്ചുനിൽക്കണമെന്ന് ആവശ്യപ്പെട്ടത് ബിജെപി നേതാവായുള്ള ടി.. റിനീഷ് ആണ്.
കഴിഞ്ഞമാസം രാഷ്ട്ര പിതാവിനെ അധിക്ഷേപിച്ച് സംസാരിച്ചിരുന്ന ബിജെപി അംഗം സി എസ് സത്യഭാമയുടെ സമീപനത്തെ കുറിച്ച് യുഡിഎഫ് അംഗങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ അതൊക്കെ മറക്കാം എന്നാണ് എൽഡിഎഫ് ബിജെപി അംഗങ്ങൾ നിലപാട് എടുത്തത്. തുടർന്ന് കൗൺസിൽ പുനരാരംഭിച്ചപ്പോൾ അജണ്ടകൾ മൊത്തം പാസാക്കുന്ന സമീപനമായിരുന്നു.അഞ്ചു മിനിറ്റിനകം 88 അജണ്ടകളും പാസാക്കി. കഴിഞ്ഞ മാസം 28ന് നടന്ന സംഭവത്തിന്റെ ആവർത്തനം . ചർച്ച കൂടാതെ അജണ്ട പാസാക്കുന്ന സമീപനം മുനിസിപ്പൽ ചട്ടത്തിന് വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി യോഗം വ്യക്തമാക്കി കൗൺസിലിനെ അനാദരിക്കുകയും ചർച്ചയ്ക്ക് അവസരം നിഷേധിക്കുകയും ചെയ്ത നിലപാട് നടപടി വെറുപ്പിക്കില്ല എന്ന് യോഗം പ്രഖ്യാപിച്ചു. യോഗത്തിൽ പാർട്ടി ലീഡർ കെ സി ശോഭിത അധ്യക്ഷത വഹിച്ചു.കെ മൊയ്തീൻ കോയ എസ് കെ അബൂബക്കർ പി.ഉഷാ ദേവി ടീച്ചർ, ഡോക്ടർ പി എൻ അജിത് അൽഫോൻസാ മാത്യു, സുധാമണി എം സി, ടി കെ ചന്ദ്രൻ, കെ റംലത്ത് കെ. നിർമ്മല അജീബ ബീവി, കവിത അരുൺ, സാഹിദ സുലൈമാൻ, ഓമന മധു, ആയിഷബി പാണ്ടികശാല, സംസാരിച്ചു, കൗൺസിൽ യോഗത്തിന്റെ മുഴുവൻ അജണ്ടകളോടും വിയോജിച്ചു യുഡിഎഫ് അംഗങ്ങൾ മേയർക്ക് രേഖാമൂലം കത്ത് നൽകി.




