
ബെംഗളുരു: കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയിലെ ഹൃദയാഘാത മരണങ്ങളില്‍ ആശങ്ക. ഹസ്സന്‍ ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 21 പേര്‍ ഹൃദയാഘാതം വന്ന് മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ജൂണ്‍ 30ന് നാല് പേരാണ് മരിച്ചത്. ഇതോടെ 40 ദിവസത്തിനുള്ളില്‍ മരണസംഖ്യ 22 ആയി. ഇരകളില്‍ ഭൂരിഭാഗവും ചെറുപ്പക്കാരോ മധ്യവയസ്‌കരോ ആണ്. 22 മരണങ്ങളില്‍ അഞ്ചെണ്ണം 19നും 25നും ഇടയില്‍ പ്രായമുള്ളവരും എട്ടെണ്ണം 25നും 45നും ഇടയില്‍ പ്രായമുള്ളവരുമാണ്. ബാക്കി വരുന്നവര്‍ 60 വയസിനും മുകളിലുള്ളവരാണ്. മരിച്ചവര്‍ക്ക് മറ്റ് രോഗങ്ങളുണ്ടോ എന്നത് സംബന്ധിച്ച വിവരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് ജില്ലാ ആരോഗ്യ ഓഫീസര്‍ ഡോ. അനില്‍ കുമാര്‍ പറഞ്ഞു.
യുവജനങ്ങളില്‍ പെട്ടെന്നുള്ള ഹൃദയാഘാതം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുനീത് രാജ്കുമാര്‍ ഹാര്‍ട്ട് ജ്യോതി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. എന്നിട്ടും യുവാക്കളില്‍ ഹൃദയാഘാതം ഉണ്ടാകുന്ന പ്രവണത വര്‍ധിച്ചുവരുന്നതില്‍ ആശങ്ക വര്‍ധിക്കുകയാണ്. പുകവലി, മദ്യപാനം, ചവയ്ക്കുന്ന പുകയില (ഗുട്ക), സമ്മര്‍ദ്ദം, പൊണ്ണത്തടി, ജനിതക പ്രശ്‌നങ്ങള്‍, ജീവിതശൈലി, എന്നിവ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഹസ്സനിലെ മരണങ്ങള്‍ക്ക് പിറകില്‍ എന്താണെന്നത് വ്യക്തമായിട്ടില്ല.




