
കോഴിക്കോട് : വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയിൽ ജില്ലയുടെ പരമപ്രധാന ഓഫീസായ ജില്ലാ ആസൂത്രണ സമിതിയുടെ കോഴിക്കോട് ജില്ലാ ഓഫീസ് ( ഡിസ്ട്രിക്ട് പ്ലാനിങ്ങ് സെക്രട്ടേറിയറ്റ്) ചോർന്നൊലിക്കുന്നു. ജില്ലാ കളക്ടറേറ്റ് വളപ്പിൽ ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപം കേരള പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗം നിർമ്മിച്ച നാലു നില കെട്ടിടമാണ് ചോരുന്നത്. കോൺക്രീറ്റിങ്ങിലെ അപാകത മൂലം റൂഫ് സ്ലാബിൽ വിള്ളലുണ്ടായതാണ് കാരണം. ഇത് ശ്രദ്ധയിൽ പെട്ട പൊതു പ്രവർത്തകൻ സിവിൽ സ്റ്റേഷൻ സ്വദേശി തോമസ് ജോൺ ബന്ധപ്പെട്ട വിഭാഗങ്ങൾക്കെല്ലാം പരാതി നൽകിയെങ്കിലും ചോർച്ചക്ക് കാരണക്കാരായ പൊതുമരാമത്ത് കെട്ടിട നിർമാണ ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ചോർച്ചയെക്കുറിച്ച് അന്വേഷിച്ചപ്പോൾ, വിവരം പിഡബ്ലുഡി കെട്ടിട നിർമാണ വിഭാഗത്തേയും ജില്ലാ കളക്ടറെയയും അറിയിച്ചിട്ടുണ്ടെന്നാണ് ജില്ലാ പ്ലാനിങ് ഓഫീസർ തോമസിന് നൽകിയ മറുപടി. ജില്ലാ കളക്ടർക്കാകട്ടെ ഇത്തരം പ്രശ്നങ്ങളിൽ ഒരുവിധ താത്പര്യവുമില്ലെന്നും സർക്കാരിൻ്റെ ഗുഡ് ലിസ്റ്റിൽ പെടാൻ മാത്രമെ താത്പര്യമുള്ളൂവെന്നും ആരോപണമുയർന്നു. വികേന്ദ്രീകൃത പങ്കാളിത്ത ആസൂത്രണ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനായി 1970 കളുടെ അവസാനത്തിൽ ജില്ലാ ആസൂത്രണ ഓഫീസുകൾ ആരംഭിച്ചു. ജില്ലാ ആസൂത്രണ ഓഫീസുകൾ സംസ്ഥാന ആസൂത്രണ ബോർഡിന്റെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കുന്നു, അവ ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലാണ്. ബോർഡിലെ ഉദ്യോഗസ്ഥരെ ജില്ലാ ആസൂത്രണ ഓഫീസർമാരായി നിയമിക്കുന്നു. ജില്ലാ കളക്ടറുടെ എക്സ്-അഫീഷ്യോ പേഴ്സണൽ അസിസ്റ്റന്റായും ജില്ലാ വികസന കൗൺസിൽ സെക്രട്ടറിയായും ജില്ലാ പ്ലാനിംഗ് ഓഫീസറെ നിയമിക്കുന്നു. പദ്ധതികൾ ആവിഷ്കരിക്കുന്നതിലും അവ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിലും ജില്ലാ ആസൂത്രണ ഓഫീസുകൾ പ്രധാന പങ്ക് വഹിക്കുന്നു.
ബോർഡിന്റെ ജില്ലാ ഓഫീസുകൾ എന്ന നിലയിൽ ജില്ലാ ആസൂത്രണ ഓഫീസുകളും സംസ്ഥാന-ജില്ലാതല പദ്ധതികൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ, ആസൂത്രണ ഓഫീസുകൾ ജില്ലാ ആസൂത്രണ സമിതി, ജില്ലാ വികസന സമിതി, പാർലമെന്റ് അംഗം ലോക്കൽ ഏരിയ വികസന പദ്ധതി (എംപിഎൽഎഡിഎസ്), പ്രത്യേക കേന്ദ്ര സഹായം, പശ്ചിമഘട്ട വികസന പദ്ധതി എന്നിവയ്ക്ക് പിന്തുണയും മാർഗനിർദേശവും നൽകുന്നു. ജില്ലാ ആസൂത്രണ സെക്രട്ടേറിയറ്റായി പ്രവർത്തിക്കുന്ന ജില്ലാ ആസൂത്രണ ഓഫീസ് ജില്ലയിലെ എല്ലാ പ്രാദേശിക സ്വയംഭരണങ്ങളെയും ഉൾക്കൊള്ളുന്ന വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയിൽ ജില്ലയിലെ പ്രധാന ഓഫീസാണ്, കൂടാതെ പ്രാദേശിക സർക്കാരുകളുടെ പദ്ധതികൾ അംഗീകരിക്കുക, നടപ്പിലാക്കുക, നിരീക്ഷിക്കുക, വിലയിരുത്തുക എന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രക്രിയയിൽ നിർണായക പങ്ക് വഹിക്കുന്നു.




