
കോഴിക്കോട് : പെൻ (പെർമനന്റ് എംപ്ലോയി നമ്പർ) അനുവദിച്ചിട്ടില്ലാത്ത ജീവനക്കാരിക്ക് അവർ സർവീസിലിരിക്കെ അംഗമായ ഫാമിലി ബെനിഫിറ്റ് സ്കീം തുക ലഭിക്കുന്നതിന് ബിൽ ട്രഷറിയിൽ മാന്വലായി സമർപ്പിക്കുന്നതിന് ധനവകുപ്പ് അനുമതി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്കും ജില്ലാ സപ്ലൈ ഓഫീസർക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
2012 ജനുവരി 31 ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും സ്വമേധയാ വിരമിച്ച ജീവനക്കാരിക്കാണ് ഫാമിലി ബെനിഫിറ്റ് സ്കീമിൽ അവർ അടച്ച തുക പിൻവലിക്കാൻ കഴിയാതിരിക്കുന്നത്. സ്പാർക്ക് വഴിയാണ് തുക മാറി നൽകേണ്ടതെന്നും പരാതിക്കാരിക്ക് പെൻ നമ്പർ അനുവദിക്കാത്തതാണ് ബിൽ മാറാനുള്ള തടസമെന്നും ജില്ലാ സപ്ലൈ ഓഫീസർ കമ്മീഷനെ അറിയിച്ചു.
മാന്വലായി ബിൽ സമർപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് 2024 സെപ്റ്റംബർ 19 ന് കത്തയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.




