KERALAlocaltop news

കാടുപിടിച്ചു കിടക്കുന്ന സ്വകാര്യഭൂമികള്‍ വെട്ടിത്തെളിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

*മനുഷ്യ-വന്യജീവി സംഘര്‍ഷം: ജില്ലാതല നിയന്ത്രണ സമിതി യോഗം ചേര്‍ന്നു

 

*വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 20 ഹോട്ട് സ്‌പോട്ടുകള്‍, ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കാട്ടുപന്നി അക്രമണം*

കോഴിക്കോട് :
ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ സ്ഥിതി, ലഘൂകരണ പ്രവര്‍ത്തനങ്ങള്‍, പ്ലാന്‍ രൂപീകരണം എന്നിവയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ജില്ലാതല നിയന്ത്രണ സമിതി യോഗം ചേര്‍ന്നു. കാടുപിടിച്ചു കിടക്കുന്ന സ്വകാര്യഭൂമികള്‍ വെട്ടിത്തെളിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇതിനായി തദ്ദേശ സ്വയംഭരണം, റവന്യു, ഇറിഗേഷന്‍, ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സംയുക്ത യോഗം വിളിച്ചുചേര്‍ക്കണമെന്നും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് നിലവില്‍ ജില്ലയില്‍ 20 ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടെന്നും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കാട്ടുപന്നികളുടെ അക്രമണമാണെന്നും ഡിഎഫ്ഒ യു ആഷിക് അലി അറിയിച്ചു. 549 കാട്ടുപന്നി ആക്രമണമാണുണ്ടായത്. 529 കാട്ടാന ആക്രമണത്തിന് പുറമെ പുലി, കടുവ, കാട്ടുപോത്ത് അക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പാമ്പ് കടിയേറ്റാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത്. ഈ വര്‍ഷം പാമ്പുകടിയേറ്റ ഒരു മരണവും തേനീച്ച കുത്തിയുള്ള ഒരു മരണവും ഉണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 233.47 ലക്ഷം രൂപ വന്യജീവി ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരമായി ജില്ലയില്‍ നല്‍കിയിട്ടുണ്ട്.
മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കുറക്കുന്നതിന് വനം വകുപ്പ് വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മിഷന്‍ സര്‍പ്പ, പിആര്‍ടി, വൈല്‍ഡ് പിഗ്, സോളാര്‍ ഫെന്‍സിങ് എന്നിങ്ങനെ പത്ത് മിഷനുകള്‍, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഓപറേഷന്‍ സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. ജനജാഗ്രത സദസ്സുകള്‍, വ്യാജവാറ്റിനെതിരായ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടക്കുന്നതായും ഡിഎഫ്ഒ അറിയിച്ചു.

പാമ്പിന്റെ റെസ്‌ക്യൂ ഓപ്പറേഷനു വേണ്ടി 57 വോളന്റിയര്‍മാര്‍ക്ക്് ജില്ലയില്‍ പരിശീലനം നല്‍കി. ഇതില്‍ 20 പേര്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. ബാക്കിയുള്ളവര്‍ക്ക് കിറ്റുകള്‍ നല്‍കാനും എല്ലാ ആശുപത്രികളിലും ആന്റി വെനത്തിന്റെ ലഭ്യത കൂട്ടാനും യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ മേയര്‍ ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close