
കോഴിക്കോട്: പ്രമാദമായ ദൃശ്യം മോഡൽ ഹേമചന്ദ്രൻ കൊലക്കേസിലെ മുഖ്യപ്രതി സുൽത്താൻ ബത്തേരി പഴുപ്പത്തൂർ സ്വദേശി പുല്ലമ്പി വീട്ടിൽ നൗഷാദ് (33 ) ഗൾഫിൽ നിന്ന് തിരിച്ചെത്തിയത് വേഷപ്രഛന്നനായി. വിസാ കാലാവധി തീർന്നതിനാൽ നെടുമ്പാശേരി എയർപോർട്ടിൽ കീഴടങ്ങാമെന്ന് പോലിസിനെ തെറ്റിദ്ധരി ഷിച്ച ശേഷം ബംഗളൂരു എയർപോർട്ടിൽ ഇറങ്ങിയ ഇയാളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. ഇയാളുടെ വാക്കു വിശ്വസിച്ച് കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ പോയ മെഡിക്കൽ കോളജ് എ സി പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് ഇളിഭ്യരായി മടങ്ങേണ്ടി വന്നു. എമിഗ്രേഷൻ വിഭാഗം അറിയിച്ചതിനെ തുടർന്ന് ബംഗളൂരുവിലെത്തിയ മെഡിക്കൽ കേളേജ് ഇൻസ്പെക്ടർ ആഗേഷും സംഘവും ചേർന്ന് നൗഷാദിനെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട്ട് എത്തിച്ചു. ഇതോടെ ഈ കേസിൽ നേരത്തെ അറസ്റ്റിലായ ജ്യോതിഷ് കുമാർ, അജേഷ്, വൈശാഖ് എന്നിവർ ഉൾപ്പെടെ 4 പേർ അറസ്റ്റിലായി.
മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട കേസിലെ മുഖ്യപ്രതിയായ നൗഷാദ് വിദേശത്തായിരുന്നതിനാൽ പ്രതിക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് ലുക്കൌട്ട് സർക്കുലർ പുറപ്പെടുവിപ്പിരുന്നു.
കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനും, വിശദമായി ചോദ്യം ചെയ്യുന്നതിനുമായി മുഴുവൻ പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ SI മുരളീധരൻ, SCPO മാരായ വിനോദ് രമിനാസ്, വിജേഷ് എരഞ്ഞിക്കൽ, തുടങ്ങിയവർ ചേർന്നാണ് പ്രതിയെ ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടെത്തിച്ചത്. പടം – നൗഷാദ് ഗൾഫിലേക്ക് പോയപ്പോഴും, മുടിയും മീശയും വടിച്ച്തിരികെ എത്തിയപ്പോഴും –




