
കോഴിക്കോട് : ഗതാഗതക്കുരുക്കിനിടയിൽ മെല്ലെ യാത്ര ചെയ്ത സ്കൂട്ടർ യാത്രക്കാരിയുടെ പിന്നിൽ അമിത വേഗത്തിൽ എത്തിയ ബസിടിച്ചു. യാത്ര ചെയ്ത അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് കോവൂർ – ചേവായൂർ റൂട്ടിൽ ആണ് അപകടം. മെഡിക്കൽ കോളജ് ഭാഗത്തു നിന്നു ബേപ്പൂരിലേക്കു സർവീസ് നടത്തുന്ന KL 53G 5905 നമ്പർ ‘ബർസ’ സ്വകാര്യ ബസ് ഗതാഗതക്കുരുക്കിനിടയിൽ അമിത വേഗത്തിൽ വരുകയും നിർത്താതെ ഹോൺ അടിക്കുകയും ഭയപെ. ടുത്തുകയും ചെയ്തു. ഇതിനിടയിൽ കോവൂർ ബിഎസ്എൻഎൽ ഓഫിസ് പരിസരത്ത് റോഡിൽ സ്‌ഥലക്കുറവുള്ള ഭാഗത്ത് ബസിനു മുന്നിൽ യാത്ര ചെയ്‌ത തൊണ്ടയാട് സ്വദേശി പി.എം.ശാലിനിയും മകൾ അഥീനയും സഞ്ചരിച്ച സ്‌കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്‌കൂട്ടറിൻ്റെ പിൻഭാഗം ബസിനു മുന്നിലെ ബംബറിൽ കുടുങ്ങി. പരിസരത്തുള്ളവർ ബഹളം വച്ചതോടെ ബസ് നിർത്തിയതിനാൽ ഇരുവരും ബസിനടിയിൽപ്പെടാതെ രക്ഷപ്പെട്ടു. അലമുറ കേട്ട് നാട്ടുകാർ ഓടിക്കൂടി .
തുടർന്നു നാട്ടുകാരും സ്‌കൂട്ടർ യാത്രക്കാരിയും സംഭവത്തിൽ ഡ്രൈവറുടെ അശ്രദ്ധ ചുണ്ടിക്കാട്ടിയതിൽ ഡ്രൈവർ ജനമധ്യത്തിൽ യാത്രക്കാരിയെ അസഭ്യം പറഞ്ഞതായി പരാതിയിൽ പറയുന്നു. തുടർന്നു ഗതാഗതം സ്തംഭിച്ചതോടെ ചേവായൂർ ജംക്‌ഷനിൽ ഡ്യൂട്ടിക്കുള്ള പൊലീസുകാരൻ എത്തി ഡ്രൈവറുമായി സംസാരിച്ചു. ബസ് ഓരം ചേർത്തു നിർത്തി. ബ്രേക്ക് ഉപയോഗിച്ചിട്ടും ബസ് നിർത്താൻ കഴിഞ്ഞില്ലെന്നാണ് ഡ്രൈവർ പറഞ്ഞത്. സംഭവത്തിൽ ട്രാഫിക് അസിസ്‌റ്റൻ്റ് കമ്മിഷണർ എ.ജെ.ജോൺസൻ്റ നിർദേശപ്രകാരം ബസ് പൊലീസ് കസ്‌റ്റഡിയിലെടുത്തു. പിന്നീട് യാത്രക്കാരി മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. ബസ് ഡ്രൈവറും ബസ് ഉടമയും നാളെ രാവിലെ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് നഗരത്തിൽ സിവിൽ സ്‌റ്റേഷനു സമീപം സ്വകാര്യ ബസ് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയ സംഭവം ഉണ്ടായി. നാട്ടുകാർ ബസ് തടയുകയായിരുന്നു.




