
കോഴിക്കോട്: നഗരത്തിലെ ഒരു വിഭാഗം ഓട്ടോ റിക്ഷ ഡ്രൈവർമാർ അപമര്യാദയായി പെരുമാറുന്നതിനെ കുറിച്ച് യുവ സംവിധായക
കുഞ്ഞില മാസിലാമണി
ഗതാഗത മന്ത്രിക്ക് എഴുതിയ സമൂഹമാധ്യമ കുറിപ്പിന്റെ പശ്ചാത്തലത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജൂനാഥ് ഉത്തരവിട്ടു.
കോഴിക്കോട് നഗരത്തിലെ ഓട്ടോ ഡ്രൈവർമാരുടെ സത്പേരിന് കളങ്കമുണ്ടാക്കാനുള്ള ചിലരുടെ ശ്രമം കർശന നിയമ നടപടികളിലൂടെ അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചതായി ഉത്തരവിൽ പറഞ്ഞു. സംസ്ഥാന ഗതാഗത കമ്മീഷണർ,
സിറ്റി പോലീസ് കമ്മീഷണർ, ആർ റ്റി ഒ എന്നിവർ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം കമ്മിഷനെ അറിയിക്കണം.
യാത്രക്കാരോട് മോശമായി പെരുമാറുന്നവരെയും അനധിക്യതമായി പണം ഈടാക്കുന്നവർക്കെതിരെയും കർശന നടപടിയെടുക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
കോഴിക്കോട് കെ എസ്.ആർ.റ്റി.സി. ബസ് സ്റ്റാന്റിന് മുന്നിൽ നിന്നും ഓട്ടോ പിടിച്ച യുവ സംവിധായകക്കാണ് ദുരനുഭവം ഉണ്ടായത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത
കേസിലാണ് നടപടി.




