മുംബൈ: ഏഷ്യയിലെ ഏറ്റവും ചേരിപ്രദേശവും ലോകത്തിലെ ഏറ്റവും ജനസാന്ദ്രമായ തെരുവുകളിലൊന്നുമാണ് മുംബൈയിലെ ധാരാവി. ഏപ്രിലില്‍ ഇവിടെ ആദ്യ കോവിഡ്19 റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം തീപോലെ പടര്‍ന്നു. ആറര ലക്ഷത്തോളം പേരാണ് ഇവിടെ താമസിക്കുന്നത്.
ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളോട് മുഖം തിരിക്കുന്ന സമീപനമായിരുന്നു ഇവിടത്തെ ജനങ്ങള്‍ക്ക്. പക്ഷേ, ഇപ്പോള്‍ വരുന്ന വാര്‍ത്ത പ്രതീക്ഷയേകുന്നതാണ്. ഞായറാഴ്ച രണ്ട് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2531 പേര്‍ക്ക് ഇവിടെ കോവിഡ് ബാധിച്ചിരുന്നു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 120 ല്‍ താഴെ മാത്രം.
കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് പോസിറ്റീവ് കേസുകള്‍ രണ്ടക്കം കടന്നിട്ടില്ല. വീടുകള്‍ തമ്മില്‍ തൊട്ടുരുമ്മിയുള്ള ജീവിതമാണ് ധാരാവിയിലേത്. പൊതുകക്കൂസുകള്‍ മാത്രമാണുള്ളത്. സാമൂഹിക അകലം സ്വപ്‌നങ്ങളില്‍ മാത്രം.
മെയ് മാസം മുതല്‍ ധാരാവിയില്‍ നിന്ന് കോവിഡ് പടിയിറങ്ങാന്‍ തുടങ്ങി. ലോകാരോഗ്യ സംഘടന അത്ഭുതത്തോടെയാണ് ധാരാവിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയതുംപ്രശംസിച്ചതും.
സ്വകാര്യക്ലിനിക്കുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍ എന്നിവ ഫലപ്രദമായി. ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരോട് പതിയെ സഹകരിക്കാന്‍തയ്യാറായതും ഗുണം ചെയ്തു. വീടുകള്‍ തോറും ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു. പ്രായമായവര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തി. വീട്ടില്‍ ചെന്നും പരിശോധന നടത്തി. ഇങ്ങനെ വലിയൊരു പ്രവര്‍ത്തനം ധാരാവിയില്‍ നടന്നു.
മാസ്‌ക് ധരിക്കാനും സാനിറ്റൈസര്‍ കൂടെ കൊണ്ടു നടക്കാനും ധാരാവിക്കാര്‍ തയ്യാറായി. സാമൂഹിക അകലം പാലിച്ചുവെന്ന് മാത്രമല്ല, കൂട്ടം കൂടിയുള്ള കളികളില്‍ നിന്നെല്ലാം അവര്‍ പിന്‍മാറിയതും രോഗ്യവ്യാപനം തടഞ്ഞു.