
കോഴിക്കോട് : കേരളത്തിലേയ്ക്ക് ബാംഗ്ലൂരിൽ നിന്നും MDMA മൊത്തമായി എത്തിച്ചുകൊടുക്കുന്ന സുൽത്താൻ ബത്തേരി നെടൂംപറമ്പിൽ വീട്ടിൽ പ്രഷീന (43 ), കോഴിക്കോട് കുരുവട്ടൂർ സ്വദേശി റോസ്ന ഹൌസിൽ മുഹമ്മദ് ഷാജിൽ (49 ) എന്നിവരെ കുന്ദമംഗലം പോലീസ് ആരാമ്പ്രത്തുനിന്നും പിടികൂടിയത്. ഇവർ MDMA കാരിയർമാരായി പ്രവർത്തിച്ചുവരികയായിരുന്നു.
2025 ഏപ്രിൽ 24 ന് കുന്ദമംഗലം പോലീസ് പടനിലം സ്വദേശി കീക്കാൽ ഹൗസിൽ റിൻഷാദ് (24 വയസ്സ്)നെ ആരാമ്പ്രം പുള്ളിക്കോത്ത് ഭാഗത്ത് നിന്ന് സ്കൂട്ടറിൽ വിൽപനക്കായി കൊണ്ടു വന്ന 59.7 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി പിടികൂടിയിരുന്നു. ഈ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നും, പ്രതിയുടെ ബാങ്ക് അക്കൌണ്ട് ഇടപാടുകൾ പരിശോധിച്ച് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ നിന്നും കൂട്ടുപ്രതികളെ പറ്റി മനസ്സിലാക്കുകയായിരുന്നു. തുടർന്ന് അന്വേഷണ സംഘം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരായ കൊടുവള്ളി സ്വദേശി തെക്കേപ്പൊയിൽ വീട്ടിൽ അബ്ദുൾ കബീർ (36 വയസ്സ്), പരപ്പൻപൊയിൽ സ്വദേശി നങ്ങിച്ചിതൊടുകയിൽ വീട്ടിൽ നിഷാദ് (38 വയസ്സ്) എന്നീ പ്രതികളെ ബാംഗ്ലൂരിൽ നിന്ന് 24.07.25 തിയ്യതി കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ബാംഗ്ലൂരിൽ നിന്നും MDMA കേരളത്തിലേയ്ക്ക് എത്തിച്ചുകൊടുക്കുന്ന കരിയർമാരെപ്പറ്റി മനസ്സിലാക്കുകയും കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരണിന്റെ നിർദേശപ്രകാരം സബ്ബ് ഇൻസ്പെക്ടർ നിധിൻ, ജിബിഷ, SCPO മാരായ അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ, CPO നിഗില എന്നിവർ ചേർന്ന അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിലെടുക്കികയായിരുന്നു.
അറ്സ്റ്റിലായ അബ്ദുൾ കബീറും, നിഷാദും ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ സ്വദേശികളിൽ നിന്നും മയക്കുമരുന്ന് മൊത്തമായി വാങ്ങി സൂക്ഷിക്കുകയും, ആവശ്യപ്രകാരം വിതരണക്കാർക്ക് നേരിട്ടും, കാരിയർ മുഖേനയും നൽകുകയുമാണ് ചെയ്തിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് MDMA എത്തിക്കുന്ന മുഖ്യ കാരിയർമാരാണ് പിടിയിലായ പ്രഷീനയും, മുഹമ്മദ് ഷാജില എന്നും, പിടിയിലായ അബ്ദുൾ കബീർ കൊടുവള്ളി പോലീസ് സ്റ്റേഷനിലെ അറിയപ്പെടുന്ന റൌഡിയാണെന്നും, കൊടുവള്ളി, കുന്ദമംഗലം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി അടിപിടി കേസും, മയക്കുമരുന്ന് വിൽപ്പനയ്കായി സൂക്ഷിച്ചതിനും, ഉപയോഗിച്ചതിനും, കൂടാതെ 2025 ജനുവരി മാസം ആരാമ്പ്രത്ത് വെച്ച് 13.9 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതിനും, നിഷാദിന് സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ പൊൻകുഴി എന്ന സ്ഥലത്ത് വെച്ച് കാറിൽ നിന്നും എം.ഡി.എം.എ പിടികൂടിയതിനും, മുഹമ്മദ് ഷാജിലിന് കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ 24.04.2025 തിയ്യതി ചക്കാലക്കൽ ജംഗ്ഷന് സമീപം വെച്ച് 38.7 ഗ്രാം MDMA യുമായി പിടിയിലായതിനും, പണം വാതുവെച്ച് ചീട്ടുകളിയ്ക്കുന്നതിനിടെ പിടിയിലായതിനും ഉൾപ്പെടെ പ്രതികൾക്കെരിരെ നിരവധി കേസുകളുണ്ടെന്നും, മയക്കുമരുന്ന് വിൽപനയിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് പ്രതികൾ ആർഭാട ജീവിതം നയിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
പിടിയിലായ പ്രതികൾ ലഹരി ഉപയോഗിക്കുന്നവരാണെന്നും, ഇവർ ആർക്കൊക്കെയൈണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നത് എന്നും, ആരൊക്കെയാണ് ഇവരുടെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളികളെന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നാർക്കോടിക്ക് സെൽ അസി. കമ്മീഷണർ കെ.എ ബോസ് പറഞ്ഞു.




