crimeKERALAlocaltop news

മാമിക്കായി മുറവിളി കൂട്ടുന്ന ചില ബന്ധുക്കൾ പണം അടിച്ചു മാറ്റാൻ ശ്രമിച്ചവരെന്ന് അന്വേഷണ റിപ്പോർട്ടിൽ പരാമർശം

* രണ്ട് ബന്ധുക്കൾ ഇപ്പോഴും നിരീക്ഷണത്തിൽ

കോഴിക്കോട് : റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാന കേസിലെ അന്വഷണം നീണ്ടുപോകുന്നതായി ഇപ്പോൾ  മുറവിളി കൂട്ടുന്ന രണ്ട് ബന്ധുകൾ മാമിയുടെ വൻതുക അടിച്ചു മാറ്റിയവരെന്ന് അന്വേഷണ റിപ്പോർട്ടിൽ പരാമർശം. മാമിയുടെ സഹോദരൻ , ഉറ്റ ബന്ധുവായ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ എന്നിവർ ചേർന്ന് കോഴിക്കോട് ബീച്ചിലെ ബോംബെ ഹോട്ടലിനടുത്ത ഫ്ലാറ്റിൽ നിന്ന് വൻതുക കടത്തിയതായാണ് മുൻ അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പാർട്ടിലുള്ളത്. മാമിയുടെ ഹൈദരാബാദ് കാരിയായ ഭാര്യയുടെ പേരിലുള്ള ഈ ഫ്ലാറ്റിൽ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മാമിയുടെ സഹോദരനോട് പറഞ്ഞിരുന്നു. എന്നാൽ പോലിസ് എത്തുന്നതിന് മുൻപേ സഹോദരനും, ബന്ധുവായ റിട്ട. പോലീസുകാരനും ചേർന്ന് ഫ്ലാറ്റിൽ നിന്ന് തുക മാറ്റിയെന്നാണ് സംഭവത്തെക്കുറിച്ചുള്ള മൊഴിയുടെ വീഡിയോ അടങ്ങുന്ന റിപ്പോർട്ട്. ഫ്ലാറ്റിൽ നിന്ന് മാമിയുടെ മറ്റൊരു ഫ്ലാറ്റിൻ്റെ താക്കോൽ ലഭിച്ച ഇവർ അവിടെ വൻ തുക ഉണ്ടാവുമെന്ന ധാരണയിൽ പലയിടത്തും അന്വേഷിച്ച് നടന്നതായും അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇരുവരും ചേർന്ന് 10 ലക്ഷം രൂപ കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തിന് നൽകിയിരുന്നതായും , മറ്റു ബന്ധുക്കളോട് 10 ലക്ഷം നൽകിയതായി പറയുന്നുണ്ടെങ്കിലും ആറ് ലക്ഷം മാത്രമെ തനിക്ക് ലഭിച്ചുള്ളൂ എന്ന കാക്ക രഞ്ജിത്തിൻ്റെ മൊഴിയും റിപ്പോർട്ടിലുണ്ട്. ബീച്ചിലെ ഫ്ലാറ്റിൽ നിന്ന് മാമിയുടെ ബിസിനസ് പാർട്ണർ അരക്കോടിയിലധികം രൂപ കൊണ്ടുപോയതായ ഈ ബന്ധുക്കളുടെ ഫോൺ സംഭാഷണവും തെളിവായി രേഖപ്പെടുത്തിയിട്ടുണ്ട്. കാസർഗോട്ടെ ക്വട്ടേഷൻ ടീമിൽ നിന്ന് മാമിയെ മോചിപ്പിക്കുന്നതിനാണ് കാക്ക രഞ്ജിത്തിൻ്റെ സേവനം ഉപയോഗിച്ചതെന്നും റിപ്പോർട്ടിലുണ്ട്. കാക്ക രഞ്ജിത്തിനെ നടക്കാവ് പോലീസ് സ്റ്റേഷനിലെ ഇൻ്ററോഗേഷൻ മുറിയിൽ ചോദ്യം ചെയ്ത് ഇക്കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിൻ്റെ വീഡിയോവും ലോക്കൽ പോലീസ് ശേഖരിച്ചിരുന്നു. മാമിയെ കണ്ടെത്താനെന്ന പേരിൽ അദ്ദേഹത്തിൻ്റെ പണം കൈക്കലാക്കാൻ നടന്ന ബന്ധുക്കൾ ആരെന്നും, ഇവരെ സ്റ്റേഷനിൽ നിന്ന് താക്കീത് ചെയ്തതിൻ്റെയും വിശദാംശം അടങ്ങുന്നതാണ് റിപ്പോർട്ട്. ഇവരെ സ്റ്റേഷനിൽ നിന്ന് പുറത്താക്കിയ ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരോപണം ഉയർത്തി തുടർ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന വിവരവും റിപ്പോർട്ടിനോട് അനുബന്ധിച്ച് ഉൾപ്പെടുത്തിയതായി അറിയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close